കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിന് നോർക്ക ഡയറക്ടർ പത്മശ്രീ ഡോ. രവി പിള്ള വിളിച്ചുചേർത്ത വ്യവസായികളുടെ യോഗത്തിൽ സഹായവാഗ്ദാന പ്രളയം. കുവൈത്തിലെ ജുമേര ഇൻറർനാഷനൽ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി എട്ടിന് നടന്ന യോഗത്തിൽ ഒരു മണിക്കൂറിനിടെ അഞ്ചരക്കോടിയുടെ സഹായ വാഗ്ദാനമാണ് ലഭിച്ചത്. ചില കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കും കൈമാറി. രവി പിള്ളയുടെ ആമുഖഭാഷണത്തിന് ശേഷം, കേരളത്തെ പിടിച്ചുലച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിെൻറ തീവ്രത വരച്ചുകാട്ടുന്ന വിഡിയോ അവതരണവുമുണ്ടായി. പല രാജ്യക്കാരായ അതിഥികൾക്കുമുന്നിൽ പിന്നീട് കൂടുതൽ വിശദീകരിക്കേണ്ട വശ്യമുണ്ടായിരുന്നില്ല. കുവൈത്തികളടക്കം സഹായത്തിന് സന്നദ്ധമായി മുന്നോട്ടുവന്നു.
കമ്പനി നടപടിക്രമങ്ങളുടെ സങ്കീർണത മൂലം കൃത്യമായ തുക അപ്പോൾ വാഗ്ദാനം ചെയ്യാൻ കഴിയാത്ത അതിഥികൾ തങ്ങളാലാവും വിധം സ്ഥാപനവുമായി ബന്ധപ്പെട്ടവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പരമാവധി തുക സമാഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. കുവൈത്തിൽനിന്ന് 30 കോടി രൂപ പിരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 50 കോടി രൂപ വരെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് രവി പിള്ള പറഞ്ഞു. നമ്മുടെ നാടിനെ മഹാദുരന്തത്തിൽനിന്ന് കരകയറ്റി മഹത്തായ ഭാവിയിലേക്ക് പുനർനിർമിക്കാൻ എല്ലാവരും സഹകരിക്കണം. ദുരന്തനിവാരണ സമയത്ത് കാണിച്ച ഒത്തൊരുമയും ത്യാഗസന്നദ്ധതയും മാതൃകാപരമായിരുന്നു. അതേ ത്യാഗ സന്നദ്ധതയും സമർപ്പണവും പുതിയ കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലും ആവശ്യമാണ്. പ്രതീക്ഷ പകരുന്ന പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സ്വന്തം നിലക്ക് ആവുന്നത് ചെയ്യുന്നതിന് പുറമെ മറ്റുള്ളവരെ കൂടി ഇതിൽ പങ്കാളിത്തം വഹിക്കുന്നതിന് പ്രേരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരളസഭാ അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലോക കേരളസഭ അംഗങ്ങളായ സാം പൈനുംമൂട് സ്വാഗതവും തോമസ് മാത്യൂ കടവിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.