കുവൈത്ത് സിറ്റി: രാജ്യത്ത് സുഖകരമായ കാലാവസ്ഥ തുടരുന്നു. വരുന്ന ആഴ്ചയും ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പകൽ ഉച്ചസമയത്ത് സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിലും രാവിലെയും തണുത്ത കാലാവസ്ഥയും തുടരും. വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്നുള്ള ഉയർന്ന മർദത്തിന്റെ വികാസവും താരതമ്യേന ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. അടുത്ത ആഴ്ചയോടെ താപനില ക്രമേണ കുറയും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച കാലാവസ്ഥ പകൽ പൊതുവെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരുന്നു. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി തണുപ്പ് അനുഭവപ്പെട്ടു. കുറഞ്ഞ താപനില ഒമ്പതു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ശനിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ ആറുമുതൽ മുതൽ 24 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാകും.
ശനിയാഴ്ച രാത്രി തണുപ്പ് കൂടും. കുറഞ്ഞ താപനില ഒമ്പതു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. രാജ്യം ഇപ്പോൾ വസ്മ് സീസൺ രണ്ടാം ഘട്ടത്തിലാണ്.
വരും ദിവസങ്ങളിൽ രാത്രികൾ കൂടുതൽ തണുപ്പേറിയതായി മാറുമെന്ന് കാലാവസ്ഥ വൃത്തങ്ങൾ സൂചിപ്പിച്ചു. കാലാവസ്ഥയിലും പ്രകൃതിയിലും മാറ്റം കാണപ്പെടുകയും ചെയ്യും.
പ്രഭാതത്തിലെ കാറ്റ് ഈർപ്പമുള്ളതാകൽ, പകലുകള്‍ ചുരുങ്ങൽ, രാത്രികൾ നീളം കൂടി വരൽ എന്നിവയും സവിശേഷതയാണ്. അടുത്ത ദിവസങ്ങളിൽ രാജ്യത്ത് സ്വാഭാവിക മഴ എത്തുമെന്നുമാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.