കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ഫിലിപ്പീൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഡാഫ്നി നകലബാൻ, ജെന്നി അൽവരാഡോ എന്നീ ഫിലിപ്പീനി തൊഴിലാളികളുടെ ദാരുണ മരണത്തെത്തുടർന്നാണ് നീക്കം. ഒക്ടോബറിൽ കാണാതായ ഡാഫ്നി നകലബാനെ പിന്നീട് കുവൈത്ത് പൗരന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ, ജെന്നി അൽവാരാഡോ ജോലിസ്ഥലത്ത് പുക ശ്വസിച്ച് മരിച്ചു. ഇവരുടെ കൂടെ ഈ സംഭവത്തിൽ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരും മരിച്ചു. നിർഭാഗ്യവശാൽ മാറിപ്പോയി അൽവരാഡോക്ക് പകരം നേപ്പാൾ പൗരന്റെ മൃതദേഹമാണ് ഫിലിപ്പീൻസിൽ എത്തിച്ചത്. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തുന്നത് സംബന്ധിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായി ചർച്ച ചെയ്തതായി മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് കാക്ഡാക് സ്ഥിരീകരിച്ചു. ഫിലിപ്പീനി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുൻഗണന വിഷയമാണെന്ന് ഹാൻസ് കാക്ഡാക് കൂട്ടിച്ചേർത്തു.
പുതുതായി തൊഴിലാളികളെ അയക്കുന്നതിന് മാത്രമാണോ വിലക്ക് അതോ നിലവിലുള്ള തൊഴിലാളികളെ പിൻവലിക്കുമോ എന്നതടക്കം നിരോധനത്തിന്റെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. കുവൈത്തിൽ ഏകദേശം 2,15,000 ഫിലിപ്പിനോ തൊഴിലാളികളുണ്ട്. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് 2020 ജനുവരി 15 മുതൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയെങ്കിലും മധ്യസ്ഥ ചർച്ചയെ തുടർന്ന് പിന്നീട് പിൻവലിച്ചു. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കുവൈത്ത് അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്നത് കല്ലുകടിയാകുന്നു. പൗരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനും ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.