കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ. മദ്യ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അംഗീകാരം നേടിയ ശേഷമായിരുന്നു അവയവ മാറ്റം.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 10 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെ.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാനുമായ ഡോ.മുസ്തഫ അൽ മൗസവി പറഞ്ഞു.
ദുരന്തത്തിന് പിറകെ ഏകദേശം 20 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലർക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മറ്റുള്ളവർക്ക് ഹൃദയാഘാതം സംഭവിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ ബന്ധപ്പെടുകയും പത്ത് പേരിൽ നിന്ന് അംഗീകാരങ്ങൾ നേടുകയും ചെയ്തു.
തുടർന്ന് 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ ശേഖരിച്ചു. പരിശോധനക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണക്കാക്കിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മാറ്റിവച്ചു.
കുവൈത്തിലെ കരൾ മാറ്റിവെക്കൽ ചികിൽസ താൽക്കാലികമായി നിർത്തിവച്ചതിനാൽ കുവൈത്തി രോഗികളെ ചികിത്സിക്കുന്നതിനായി കരളുകൾ അബൂദബിയിലേക്ക് അയച്ചു. ഹൃദയങ്ങളും വൃക്കകളും പ്രാദേശികമായി മാറ്റിവച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, കുവൈത്തി രോഗികളിൽ മൂന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ബദർ അൽ അയ്യദ് പറഞ്ഞു.
ആഗസ്റ്റ് ആദ്യ വാരത്തിൽ കുവൈത്തിലുണ്ടായ മദ്യ ദുരന്തം 160 പേരെ ബാധിക്കുകയും 23 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. കൂടുതലും ഏഷ്യൻ പൗരന്മാരെയാണ് ബാധിച്ചത്. ചില മലയാളികളും ദുരന്തത്തിൽ മരണപ്പെട്ടു. 51 രോഗികൾക്ക് അടിയന്തര ഡയാലിസിസും 31 പേർക്ക് മെക്കാനിക്കൽ വെന്റിലേഷനും ആവശ്യമായി വന്നു. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അനധികൃത മദ്യം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് 67 പേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.