കുവൈത്ത് സിറ്റി: ഒപെക് പ്ലസ് ഗ്രൂപ്പിലെ എട്ട് എണ്ണ കയറ്റുമതി രാജ്യങ്ങൾ അടുത്ത ഏപ്രിൽ മുതൽ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം.ആഗോള എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനമാണ് ഇതെന്ന് കുവൈത്ത് എണ്ണ മന്ത്രി താരിഖ് അൽ റൂമി പറഞ്ഞു.ഏപ്രിൽ ഒന്നു മുതൽ ഉൽപാദനത്തിൽ ക്രമേണ വർധനവ് വരുത്താൻ തീരുമാനം. ഒപെക് പ്ലസ് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.
വിഡിയോ കോൺഫറൻസ് വഴിനടന്ന യോഗത്തിൽ അൾജീരിയ, സൗദി അറേബ്യ,യു.എ.ഇ, ഇറാഖ്, കസാഖിസ്താൻ, ഒമാൻ, റഷ്യ, കുവൈത്ത് എന്നിവ പങ്കെടുത്തു.നിലവിലെ എണ്ണ വിപണി സാഹചര്യങ്ങളുടെയും വരും മാസങ്ങളിലെ അവയുടെ വികസന സാധ്യതകളുടെയും സമഗ്രമായ വിലയിരുത്തൽ യോഗം അവലോകനം ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന യോഗത്തിലെ ധാരണക്ക് അനുസൃതമായി വിപണി സാഹചര്യം കണക്കിലെടുത്താണ് നടപടി. ആഗോള എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും മന്ത്രി താരിഖ് അൽ റൂമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.