ഒ.ഐ.സി യോഗത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രശ്നം ചർച്ചചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ജിദ്ദയിൽ ചേർന്ന അസാധാരണ യോഗത്തിൽ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. ഗസ്സയിൽ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും ദുരിതവും നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ഒ.ഐ.സി യോഗം.
ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ അധിനിവേശം ചെറുക്കൽ, ഗസ്സ കൈവശപ്പെടുത്താനും നിർബന്ധിത കുടിയിറക്കൽ അടിച്ചേൽപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ പദ്ധതികളെ നേരിടുന്നതിൽ സംയുക്ത നിലപാടുകൾ ശക്തിപ്പെടുത്തൽ എന്നിവ യോഗം ചർച്ച ചെയ്തു. സ്വയം നിർണയാവകാശം, സ്വാതന്ത്ര്യം, അവരുടെ ഭൂമിയുടെ മേലുള്ള പരമാധികാരം, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള അവകാശങ്ങൾക്ക് ഫലസ്തീൻ ജനതക്ക് ഉറച്ച പിന്തുണ നൽകാനുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വംശഹത്യ, പട്ടിണി, നിർബന്ധിത കുടിയൊഴിപ്പിക്കൽ, ഉപരോധം, ഗസ്സയിലെ അഭൂതപൂർവമായ മാനുഷിക പ്രതിസന്ധി തുടങ്ങിയവയും യോഗം വിലയിരുത്തി. യോഗത്തിനിടെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ തുനീഷ്യൻ വിദേശകാര്യ മന്ത്രി മുഹമ്മദ് നെഫ്തിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഫലസ്തീൻ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.