ഫയർ ഫോഴ്‌സ് ഉദ്യോഗസഥർ പരിശോധനയിൽ

562 സ്ഥാപനങ്ങൾക്ക് നോട്ടീസ്, തീപിടിത്തം തടയൽ; ഫയർ ഫോഴ്‌സ് പരിശോധന ശക്തമാക്കി

കുവൈത്ത് സിറ്റി: തീപിടിത്തങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷാനടപടികൾ ശക്തമാക്കുന്നതിന്റെയും ഭാഗമായി ജനറൽ ഫയർ ഫോഴ്‌സ് ശക്തമായ പരിശോധനകൾ തുടരുന്നു. കുവൈത്ത് സിറ്റി, ഫർവാനിയ, അഹമ്മദി എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വിപുലമായ പരിശോധന നടത്തി. കെട്ടിടങ്ങളിലെയും വാണിജ്യ സൗകര്യങ്ങളിലെയും അഗ്നി സുരക്ഷയും പ്രതിരോധ നിയന്ത്രണങ്ങളും സംഘം വിലയിരുത്തി.

എല്ലായിടങ്ങളിലും അംഗീകൃത സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശേോധനയുടെ ലക്ഷ്യം. ഗുരുതരമായ ലംഘനം കണ്ടെത്തിയ 57 സൗകര്യങ്ങളും വ്യാവസായിക കടകളും അടച്ചുപൂട്ടിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള അഗ്നി സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിന് മറ്റ് 562 സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി. നിയമലംഘനങ്ങൾ വേഗത്തിൽ തിരുത്താനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ സഥാപന ഉടമകളെ ഓർമപ്പെടുത്തി. തീപിടുത്ത സാധ്യതകൾ കുറക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും രാജ്യമെമ്പാടും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് കനത്തവേനലിൽ തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. ബുധനാഴ്ച ജലീബിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചിരുന്നു. മുൻ വർഷങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Notices issued to 562 establishments, fire prevention; Fire Force intensified inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.