കുവൈത്ത് സിറ്റി: അമിതഭാരം കയറ്റുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 'വെയ്-ഇൻ-മോഷൻ' ട്രക്ക് നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നു. സെവൻത് റിംഗ് റോഡിലെ ഇതിനായുള്ള ക്രമീകരണങ്ങൾ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ സന്ദർശിച്ചു. ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഭാരം, തരം എന്നിവ ഈ സ്മാർട്ട് സംവിധാനം അളക്കും.
നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി കരാറുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെവി ട്രക്കുകൾ കടന്നുപോകുന്ന മറ്റു റോഡുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ഭാരമേറിയ ട്രക്കുകളെ മികച്ച രീതിയിൽ നിരീക്ഷിക്കുന്നതിനും റോഡ് പ്രതലത്തിലുണ്ടാകുന്ന ആഘാതം കുറക്കുന്നതിനുമായി, വ്യാവസായിക-നിർമ്മാണ മേഖലകൾക്കും അതിർത്തി പാതകൾക്കും സമീപം ഇവ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തതായും അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനങ്ങളുമായി ഇലക്ട്രോണിക് രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന 'വെയ്-ഇൻ-മോഷൻ'നെറ്റ്‌വർക്ക്, ഓവർലോഡ് ലോഡുള്ള ട്രക്കുകൾ സ്വയമേവ കണ്ടെത്തും. മറ്റു നടപടികൾ സ്വീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഇതുവഴി കഴിയും. ഇതുവഴി റോഡുകളുടെ ആയുസ് വർദ്ധിപ്പിക്കാനും, അറ്റകുറ്റപ്പണി ചെലവുകൾ കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.