കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയുടെ (കെ.ഒ.സി) വൻ തുകയുടെ മറൈൻ കേബിളുകൾ മേഷ്ടിച്ച സംഘം പിടിയിൽ. 400 ടൺ മറൈൻ കേബിളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ പൗരന്മാരും അറബ്, ഏഷ്യൻ പ്രവാസികളും അടങ്ങുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 420,000 ദീനാർ (ഏകദേശം 1.386 ദശലക്ഷം യു.എസ് ഡോളർ) വിലമതിക്കുന്ന വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്.
കുവൈത്ത് ഓയിൽ കമ്പനിയിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പ്രതി കേബിളുകളുടെ സീരിയൽ നമ്പറുകൾ മായ്ച്ചുകളയുകയും അവ നീക്കം ചെയ്യുന്നതിനായി വ്യാജ രേഖകൾ തയ്യാറാക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരാൾ മോഷ്ടിച്ച കേബിളുകൾ വിപണനം ചെയ്യുന്നതിനായി എഞ്ചിനീയറായി വേഷമിട്ടു. മൂന്നാമൻ വ്യാജ രേഖകൾ ഉപയോഗിച്ച് അംഘാര സ്‌ക്രാപ്പ്‌യാർഡിൽ അവ വാങ്ങി വീണ്ടും വിറ്റു.
പ്രതികളിൽ നിന്ന് കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ചതായി കരുതുന്ന പണവും സ്വത്തുക്കളും പിടിച്ചെടുത്തു. ഒരു പ്രതിയിൽ നിന്ന് 37,000 ദീനാർ, സ്വർണ്ണാഭരണങ്ങൾ, ഒരു വാഹനം എന്നിവയും മറ്റൊരാളിൽ നിന്ന് 26,210 ദീനാർ, 1,000 യു.എസ് ഡോളറും കണ്ടെത്തി. മോഷണം പോയ കേബിളുകൾ അന്വേഷണ സംഘം വീണ്ടെടുത്തു. തിരിമറിക്കായി ഉപയോഗിച്ച വ്യാജ മുദ്രയും പിടിച്ചെടുത്തു. ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.