സോഷ്യൽ മീഡിയയിൽ കഞ്ചാവ് അനുകൂല ഉള്ളടക്കം; ‘പോസ്റ്റ്മാൻ’ പിടിയിൽ

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ വഴി കഞ്ചാവ് അനുകൂല ഉള്ളടക്കം പ്രചരിപ്പിച്ച വ്യക്തിയെ ആഭ്യന്തര മന്ത്രാലയം പിടിക്കൂടി. കഞ്ചാവ് നിരുപദ്രവകരമാണെന്നും അതിന്റെ ഉപയോഗത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കം ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകൾ അനുയായികളെ ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും, അതിന്റെ ഫലങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷം, പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, തന്റെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീഡിയോകൾ പോസ്റ്റ് ചെയ്ത കാര്യം പ്രതി സമ്മതിച്ചു.

ലഹരിമരുന്നുകളുടെയും സൈക്കോട്രോപിക് പദാർത്ഥങ്ങളുടെയും ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനും അവക്കെതിരെ പോരാടുന്നതിനുമുള്ള നിയമത്തിന്റെ ലംഘനമാണ് പ്രതിയുടെ നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം, ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ​ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 ദീനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കും.

മയക്കുമരുന്ന് വസ്തുക്കൾ, അവയുടെ ഉപയോഗം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോ, അവയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. നിയമം പാലിക്കാനും, തെറ്റായ വിവരങ്ങളിൽപ്പെട്ട് വഴിതെറ്റാതിരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Man arrested for promoting cannabis through social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.