കുവൈത്ത് സിറ്റി: റോഡിൽ വാഹനവുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക. തെറ്റായ ഓവർടേക്കിങ്, മനഃപൂർവം ട്രാഫിക് തടസ്സപ്പെടുത്തൽ തുടങ്ങിയവയിൽ അധികൃതർ നടപടികൾ ശക്തമാക്കി. യു-ടേണുകളിലോ എക്സിറ്റുകളിലോ ഓവർടേക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്ക് പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. വാഹനങ്ങൾ രണ്ടുമാസം വരെ പിടിച്ചുവെക്കാനും ഗതാഗത നിയമ ലംഘനങ്ങൾ കാരണമാകും.
തെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും സ്ഥാപിച്ചിട്ടുള്ള ഓവർഹെഡ് ക്യാമറകൾ, പട്രോളിങ് യൂനിറ്റുകൾ, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വഴി ഗതാഗത ലംഘനങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. തിരക്കേറിയ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘകര്‍ക്ക് ‘സഹൽ’ ആപ് വഴി മണിക്കൂറുകൾക്കുള്ളിൽ നോട്ടിഫിക്കേഷൻ ലഭിക്കും. ഇവ ഉടൻ അടച്ച് നിയമ നടപടികളിൽനിന്ന് മോചിതരാകണം. മലയാളികള്‍ അടക്കം പ്രവാസികളിൽ ചിലർക്ക് ഗതാഗത ഫൈൻ അടക്കാത്തതു മൂലം വിസ പുതുക്കലിനും താൽക്കാലിക റസിഡൻസി ലഭ്യതക്കും തടസ്സം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. പിഴ അടച്ചതിനുശേഷം മാത്രമേ വിസ പുതുക്കാൻ സാധിക്കൂവെന്നും അവർ പറയുന്നു.
അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശേധാനയിൽ 578 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കാൻ വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.