കുവൈത്ത് സിറ്റി: ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ വൻ മുന്നേറ്റമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. മുൻ നിയമത്തിൽ വ്യത്യസ്തമായി ഗുരുതരമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർബന്ധമാക്കുന്നതടക്കം ലഹരിയുമായി ബന്ധപ്പെട്ട നിരവധി പ്രതിരോധ നടപടികൾ പുതിയ നിയമനിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ നിയമത്തിൽ മിക്ക മയക്കുമരുന്ന് കടത്ത് കേസുകളും ജീവപര്യന്തം തടവിലാണ് അവസാനിച്ചിരുന്നത്. എന്നാൽ,
പുതിയ നിയമം പ്രകാരം മയക്കുമരുന്ന് കടത്തിനും ഇടപാടിനും വധശിക്ഷ നിർബന്ധമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയും പിഴകൾ ഉയർത്തുന്നതിലൂടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിലും നിയമം ശ്രദ്ധനൽകുന്നു. അതേസമയം, 2024 നെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണം കുറഞ്ഞതായി മയക്കുമരുന്ന് പ്രോസിക്യൂഷൻ മേധാവി തലാൽ അൽ ഫരാജ് പറഞ്ഞു. ഈ വർഷം നവംബർ അവസാനം വരെ 2,874 കേസുകൾ രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,251 ആയിരുന്നു. 90 ശതമാനം കേസുകളിലെയും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഈ വർഷം പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ മൂല്യം 74 ദശലക്ഷം ദീനാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തടവും പിഴയും വ്യക്തമാക്കുന്ന പോസ്റ്ററുകൾ വിവിധ ഭാഷകളിൽ സമൂഹമാധ്യമങ്ങളിൽ നൽകിവരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.