ജാബിർ അൽ അഹമദ് ഡയാലിസിസ് സെന്റർ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയിൽ വൻ ചുവടുവെപ്പായി അഹമ്മദിയിൽ പുതിയ ഡയാലിസിസ് സെന്റർ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വൃക്ക രോഗികൾക്ക് കൂടുതൽ മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജഹ്റ ഗവർണറേറ്റിനു പുറമെ രണ്ടാമത്തെ വലിയ ഡയാലിസിസ് സെന്റർ അഹമ്മദിയിൽ പ്രവർത്തന ക്ഷമമായത്. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. അഹമ്മദി ഹെൽത് ഡിസ്ട്രിക്ടിലെ അഞ്ചാമത്തെ ഡയാലിസിസ് സെന്ററായാണ് ജാബിർ അൽ അഹമ്മദ് സെൻറർ ഉദ്ഘാടനം ചെയ്തത്.
500 ഹീമോ ഡയാലിസിസ് ആവശ്യമായ രോഗികൾക്കും, 100 പെരിറ്റോണിയൽ ഡയാലിസിസിനും ഉള്ള സൗകര്യത്തോടെയാണ് സ്പെഷലൈസ്ഡ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 83 ഡയാലിസിസ് യൂണിറ്റ്, 11 ഐസൊലേഷൻ മുറികൾ, നാല് പെരിറ്റോണിയൽ ഡയാലിസിസ് മുറികൾ, ബയോകെമിസ്ട്രി ലാബ്, പരിശോധനാ-എമർജൻസി മുറികൾ, സെൻട്രൽ ഫാർമസി, സോഷ്യൽ സർവീസ് ക്ലിനിക് ഉൾപ്പെടെ സൗകര്യങ്ങളും ഇവിടെയുണ്ട്.
രാജ്യത്തെ വൃക്കരോഗികൾക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിൽ പുതിയ സെന്റർ നിർണായക സാന്നിധ്യമായി മാറുമെന്ന് അഹമദി ഗവർണർ ശൈഖ് ഹമൂദ് അൽ അഹമദ് അൽ സബാഹ് പറഞ്ഞു. ഏറ്റവും അത്യാധുനിക സാങ്കേതിക ചികിത്സ സംവിധാനങ്ങളോടെയാണ് അഹമ്മദിയിലെ പുതിയ സെന്റർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ശൈഖ് മുബാറക് ജാബിർ അൽ അഹമ്മദ് അൽ സബാഹ്, കിരീടാവകാശിയുടെ ദിവാൻ ചീഫ് താമിർ ജാബിർ അൽ അഹമ്മദ് അൽ സബാഹ്, ഗവർണർ ശൈഖ് ഹമൂദ് ജാബിർ അൽ അഹമദ് അൽ സാബാഹ് ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.