കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യക്തികൾക്കെതിരായ ആക്രമണ കേസുകൾ പകുതിയിലേറെ കുറഞ്ഞു. 2026 ആദ്യ പകുതിയിൽ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത ഇത്തരം കേസുകളുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
നീതിയായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചതാണിത്. 2025 ജനുവരി മുതൽ ജൂൺ അവസാനം വരെ 607 ആയിരുന്ന കേസുകൾ രജിസ്റ്റർ ചെയ്തിടത്ത് ഇത്തവണ 284 ആയി ചുരുങ്ങി. ആസൂത്രിതമായ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും 26ൽ നിന്ന് 24 ആയി കുറഞ്ഞു (7.7 ശതമാനം കുറവ്). ചെറിയ തോതിലുള്ള ആക്രമണ കേസുകൾ 376ൽ നിന്ന് 137 ആയാണ് കുറഞ്ഞത് (63.6 ശതമാനം കുറവ്). വധഭീഷണി മുഴക്കലും ശാരീരികമായി ഉപദ്രവിക്കലും 99ൽ നിന്ന് 56 കേസുകളായും (43.4 ശതമാനം കുറവ്), ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും 61-ൽ നിന്ന് 34 കേസുകളായും (44.3 ശതമാനം കുറവ്) കുറഞ്ഞു. ഗുരുതര ശാരീരിക പരിക്കേൽപ്പിച്ച കേസുകൾ 16ൽ നിന്ന് 6 ആയി കുറഞ്ഞു (62.5 ശതമാനം കുറവ്). കഴിഞ്ഞ വർഷം നിയമഭേദഗതിയിലൂടെ കുറ്റകൃത്യങ്ങളുടെ ശിക്ഷ കടുപ്പിച്ചതാണ് അക്രമ സംഭവങ്ങൾ കുറയാൻ കാരണമായി വിലയിരുത്തുന്നത്. അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയോ വനിതാ ബന്ധുക്കളെയോ കൊലപ്പെടുത്തുന്ന പുരുഷന്മാർക്ക് ശിക്ഷാ ഇളവ് നൽകിയിരുന്ന പീനൽ കോഡിലെ 153-ാം വകുപ്പ് പൂർണ്ണമായും റദ്ദാക്കിയിരുന്നു.
വഴിവിട്ട ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ കൊലപ്പെടുത്തുന്ന മാതാവിന് ശിക്ഷാ ഇളവ് നൽകിയിരുന്ന 159-ാം വകുപ്പും നേരത്തെ പിൻവലിച്ചിരുന്നു. മനഃപൂർവ്വമല്ലാത്ത കൊലപാതകങ്ങൾക്കും പരിക്കേൽപ്പിക്കലുകൾക്കും കടുത്ത ശിക്ഷ നിശ്ചയിക്കൽ പൊതുസ്ഥലങ്ങളിൽ ന്യായമായ കാരണങ്ങളില്ലാതെ ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാക്കൽ, ഇത്തരം ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കൽ, ഗാർഹിക പീഡന വിരുദ്ധ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തൽ എന്നിവ നിയമപരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കി. മക്കൾ മാതാപിതാക്കളെ ഉപദ്രവിക്കുന്ന കേസുകളിലും കുട്ടികൾക്കും മാനസികാവസ്ഥ തെറ്റിയവർക്കും എതിരായ കുറ്റകൃത്യങ്ങളിലും പരാതി പിൻവലിക്കാനോ ഒത്തുതീർപ്പിലെത്താനോ കഴിയില്ലെന്ന രീതിയിൽ നിയമം പരിഷ്‍കരിച്ചു. ഇതെല്ലാം കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.