കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പുകൾ തടയാനും ബിസിനസ് രംഗത്തെ സുതാര്യത വർധിപ്പിക്കാനും കുവൈത്ത് പുതിയ നിയമനിർമാണം നടത്തി. 14 വകുപ്പുകളുള്ള നിയമം കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ആറുമാസത്തിന് ശേഷം പ്രാബല്യത്തിലാകും.
സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വിപണിയിൽ നീതിപൂർവ്വമായ അന്തരീക്ഷവും തുല്യ അവസരങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമാണം. നിയമലംഘനങ്ങൾക്ക് 10,000 ദീനാർ മുതൽ 1,00,000 ദീനാർ വരെ പിഴയോ ഒന്നുമുതൽ മൂന്നുവർഷം വരെ തടവോ രണ്ടും ഒരുമിച്ചോ ലഭിക്കും.
കുറ്റവാളികളുടെ എണ്ണത്തിനും നിയമ ലംഘനങ്ങളുടെ വ്യാപ്തിക്കും അനുസരിച്ച് പിഴ തുക വർധിക്കും. നേർക്കുനേരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് മാത്രമല്ല നിയമവിരുദ്ധ കാര്യങ്ങൾക്ക് സഹായം നൽകുന്നതും കുറ്റകരമാണ്. സ്ഥാപനത്തിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുകയോ ഭരണപരമായ വീഴ്ച വരുത്തുകയോ ചെയ്യുന്ന ഉടമ ഉത്തരവാദിയായിരിക്കും. ജീവനക്കാർ സ്ഥാപനത്തിന്റെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയാലും കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകും. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വ്യാജ ഇടപാടുകളിലൂടെ നേടിയ മുഴുവൻ പണവും സ്വത്തുക്കളും കണ്ടുകെട്ടാൻ കോടതി നിർദ്ദേശിക്കും. ഒപ്പം പൂട്ടാനും ലൈസൻസ് റദ്ദാക്കാനും പങ്കാളികളായ വിദേശികളെ നാടുകടത്താനും നിയമത്തിൽ വകുപ്പുണ്ട്. ശരിയായ ലൈസൻസില്ലാതെ ബിസിനസ് നടത്തുന്നതും ലഭിച്ച ലൈസൻസിന്റെ പരിധി ലംഘിച്ച് പ്രവർത്തിക്കുന്നതും കനത്ത ശിക്ഷ ലഭിക്കാൻ കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.