കുവൈത്ത് സിറ്റി: പ്രതീക്ഷകളുടെ ഭാണ്ഡവുമായി ഏഴുമാസം മുമ്പ് കുവൈത്തിലേക്ക് വിമാനം കയറിയ നസ്ല നാടണയുന്നത് നോവും കണ്ണീരോർമകളുമായി. കൊല്ലം ചടയമംഗലം സ്വദേശി നസ്ലയാണ് ഗർഭാശയ അർബുദം ബാധിച്ച് ശനിയാഴ്ച തിരിച്ചുപോയത്. കുവൈത്തിൽ വന്നത് ഏഴുമാസം മുമ്പാണ്. മൂന്നുമാസം ഒരു വീട്ടിൽ ജോലി ചെയ്തെങ്കിലും ശമ്പളം കിട്ടാതെ പരാതിപ്പെട്ടപ്പോൾ ഏജൻസി മറ്റൊരു വീട്ടിലേക്ക് മാറ്റി. നാലുമാസമായി ഇൗ വീട്ടിലായിരുന്നു ജോലി. കഴിഞ്ഞ മാസം ശാരീരികാസ്വാസ്ഥ്യം കാരണം ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭപാത്രത്തിൽ കാൻസർ ആണെന്ന് ഇവിടത്തെ മലയാളി നഴ്സ് ഇവരോട് പറഞ്ഞു.
എന്നാൽ, സ്വദേശി സ്പോൺസർ റിപ്പോർട്ട് കീറിക്കളഞ്ഞ് ചെറിയ അസുഖമാണെന്ന് പറഞ്ഞ് പാരസെറ്റമോൾ പോലെയുള്ള ഗുളിക നൽകിയെന്ന് ഇവർ പറയുന്നു. ഒരാഴ്ച കൃത്യമായ ഭക്ഷണംപോലും ലഭിക്കാതെ ഇരുട്ടുമുറിയിൽ കഴിയേണ്ടിവന്നു. ഫോണിൽ നാട്ടിൽ ബന്ധപ്പെട്ടപ്പോൾ ബന്ധുക്കൾ കുവൈത്തിലെ ചില സംഘടനകളുമായി ബന്ധപ്പെടാൻ പറഞ്ഞു. ഇവയിൽ ചിലതിെൻറ ആളുകളിൽനിന്ന് അശ്ലീല വർത്തമാനങ്ങളും ദ്വയാർഥപ്രയോഗങ്ങളും കേട്ടതായി നസ്ല വേദനയോടെ പറയുന്നു.
ഒടുവിൽ കേസ് വെൽഫെയർ കേരള കുവൈത്തിെൻറ അടുത്തെത്തി. അവരുടെ ജനസേവന വിഭാഗമായ ടീം വെൽഫെയർ സ്പോൺസറുമായി ബന്ധപ്പെട്ട് നാട്ടിലയക്കാൻ വഴിയൊരുക്കുകയായിരുന്നു. 1000 ദീനാർ നൽകിയാണ് ഏജൻസിയിൽനിന്ന് ഇവരെ വാങ്ങിയതെന്നും പണം തിരിച്ചുകിട്ടാതെ വിട്ടുതരില്ലെന്നും സ്പോൺസർ പറഞ്ഞെങ്കിലും ചർച്ചയിലൂടെ 500 ദീനാർ നൽകി മോചിപ്പിക്കുകയായിരുന്നു. കുവൈത്തിലെ മറ്റുചില സംഘടനകളും സാമ്പത്തിക സഹായം നൽകിയതായി നസ്ല ഒാർക്കുന്നു. ടീം വെൽഫെയർ പ്രവർത്തകരായ ഗായത്രി കള്ളിക്കാട്ട്, റഫീഖ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.