കുവൈത്ത് സിറ്റി: 2018ലെ ആദ്യ നാലുമാസത്തിൽ തന്നെ കുവൈത്തിൽ 92 കൊലപാതകങ്ങളോ കൊലപാതകശ്രമങ്ങളോ ഉണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട്.
സ്വദേശികളും വിദേശികളും ഇവയിൽ പ്രതികളാണ്. ആഴ്ചയിൽ ആറ് കൊലപാതക/ശ്രമ കേസുകൾ ഉണ്ടാവുന്നുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഇൗ വർഷം ആദ്യ നാലുമാസങ്ങളിൽ 1273 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. മാസത്തിൽ ശരാശരി 318 കുറ്റകൃത്യങ്ങൾ.
92 കൊലപാതക/ കൊലപാതകശ്രമം, 623 മദ്യം/ മയക്കുമരുന്ന്, 46 ലൈംഗികാതിക്രമങ്ങൾ എന്നിങ്ങനെയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 10 കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. കാർ മോഷണം, വീട് കുത്തിത്തുറന്നുള്ള കവർച്ച എന്നിവയാണ് കൂടുതലും. വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന കേസുകളാണ് പിന്നീടുള്ളത്. മോഷ്ടിക്കുന്ന കാറുകൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന മാഫിയകളും പ്രവർത്തിക്കുന്നുണ്ടെന്ന് സുരക്ഷവൃത്തങ്ങൾ സൂചിപ്പിച്ചു. കാറുകൾ മോഷ്ടിച്ച് പൊളിച്ച് പാർട്സുകളായി വിൽക്കുന്ന സംഘങ്ങളുമുണ്ട്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ബിദൂനികളാണ് മുൻപന്തിയിൽ. തൊട്ടുപിന്നാലെ ഇറാഖികളും സ്വദേശികളും സിറിയക്കാരുമാണ്.
രാജ്യനിവാസികളായ വിദേശികളിൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിറകിലുള്ളത് ഇന്ത്യക്കാരാണെന്നാണ് വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ തടയാൻ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും ആളുകളിൽ അക്രമവാസന വർധിക്കാനുള്ള സാഹചര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പഠനവിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെൻറർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് പുറത്തുവിട്ട അവലോകന റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
അബ്ബാസിയയിൽ വീണ്ടും പിടിച്ചുപറി സംഘങ്ങൾ
അബ്ബാസിയ: അബ്ബാസിയയിൽ ഒരിടവേളക്കുശേഷം വീണ്ടും പിടിച്ചുപറി സംഘം വിലസുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ നടത്തുന്ന മൂന്ന് സ്ഥാപനങ്ങളിൽ കവർച്ചശ്രമമുണ്ടായി. ഹൈഡൈൻ സൂപ്പർമാർക്കറ്റ്, സ്പെൻസേഴ്സ് ബേക്കറി, വിജി സ്റ്റുഡിയോ എന്നിവിടങ്ങളിലാണ് കവർച്ചശ്രമം ഉണ്ടായത്.
സ്ഥാപന നടത്തിപ്പുകാർ മുൻകരുതലും ജാഗ്രതയും പുലർത്തുന്നതുകൊണ്ട് കൗണ്ടറിൽനിന്ന് ഭീഷണിപ്പെടുത്തി പണമെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. ആളുകൾ പെെട്ടന്ന് കൂട്ടം കൂടിയതോടെ സംഘം ഇറങ്ങിയോടുകയായിരുന്നു. ഒരു സ്ഥാപനത്തിൽ ഉച്ചക്ക് 12നും മറ്റൊന്നിൽ വൈകീട്ട് ഏഴിനുമാണ് അതിക്രമം നടന്നത്.
ഉപഭോക്താക്കളിൽനിന്ന് പണം തട്ടിപ്പറിച്ച് ഒാടിയ സംഭവവും ഉണ്ടായി.
മലയാളികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയിൽ നേരേത്ത ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിരുന്നെങ്കിലും കുറച്ചിടെയായി ശാന്തമായിരുന്നു. വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കവർച്ച പതിവായതോടെ മലയാളി സമൂഹവും സംഘടന നേതാക്കളും ഇടപെട്ട് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ കൂടുതൽ ശ്രദ്ധപതിപ്പിച്ചതോടെയാണ് കുറ്റവാളികൾ ഒതുങ്ങിയത്. ഒരിടവേളക്കുശേഷം അവർ വീണ്ടും തലപൊക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.