കുവൈത്ത് സിറ്റി: കാലവും പ്രകൃതിയും ഋതുഭേദങ്ങളും യുദ്ധവും സമാധാനവും സന്തോഷവും കണ്ണീർക്കണങ്ങളുമെല്ലാം നിഴലിച്ച കാൻവാസുകളിൽ ഭാവനയുടെ വർണം വിതറി കുവൈത്തിലെ 64 കലാപ്രതിഭകളുടെ ചിത്രസംഗമം ശ്രദ്ധേയമായി. ചിത്രകാരും ശിൽപികളുമായ 64 പേരുടെ 104 സൃഷ്ടികളാണ് ‘മോസ്റ്റ് ഇംപോർട്ടൻറ്’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിലൊരുക്കിയത്. പ്രാദേശികമായ സംഘടിപ്പിച്ച സമ്മർ കൾച്ചറൽ ഫെസ്റ്റിനോടനുബന്ധിച്ച് അബ്ദുല്ല അൽ സലേം പ്രദേശത്തെ അൽ ഫുനൂം അഹ്മദ് അൽ അദ്വാനി ഹാളിലാണ് വേറിട്ട ചിത്രങ്ങളുമായി പ്രദർശനം നടന്നത്. വിവിധ പ്രായക്കാരായ 64 പേരായിരുന്നു കാൻവാസിലും കല്ലിലും മരത്തിലും വിവിധ വിഷയങ്ങളിൽ രചന നടത്തിയത്. ചിത്രം പ്രദർശനം കാണാനെത്തിയ നാഷനൽ കൗൺസിൽ ഫോർ കൾച്ചറൽ ആർട്ട് ആൻഡ് ലെറ്റേഴ്സ് ചീഫ് അൽ അബ്ദുൽ ജലീൽ പ്രതിഭയുടെ മായികലോകം തീർത്ത കലാകാരൻമാരെ പ്രശംസിച്ചു. പ്രദർശനത്തിെൻറ പേരു പോലെത്തന്നെ വളരെ മോസ്റ്റ് ഇംപോർട്ടൻറാണ് ഇത്തരം കൂട്ടായ്മകളും പ്രദർശനങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടും മനുഷ്യരെന്തേ ഇൗ നശിച്ച യുദ്ധം തുടരുന്നതെന്ന കാലികപ്രസക്തമായ ചോദ്യമുയർത്തി അബ്ദുറഹ്മാൻ അൽ ഹാമിലി രചിച്ച അൺട്ടിൽ വെൻ (‘Until When’) എന്ന രചന ആസ്വാദകരുടെ മനം കവർന്നു. നിറങ്ങൾ തീർക്കുന്ന ആനന്ദത്തിലും യുദ്ധത്തിെൻറ കെടുതികളെ വരച്ചിട്ടാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. പ്രകൃതിയുടെ ശാന്തതയിലേക്കുള്ള മടക്കം ചൂണ്ടിക്കാട്ടുന്നതായിരുന്നു നോറ അൽ ഹജേരിയുടെ ചിത്രം. വളർന്നുവരുന്ന യുവചിത്രകാരിയുടെ ഇൗ രചനയും പ്രദർശനത്തിൽ ഏറെ ആസ്വദക ശ്രദ്ധ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.