സഹായ വസ്തുക്കളുമായി ഗസ്സയിലെ റോഡിലൂടെ നീങ്ങുന്ന ട്രക്കുകൾ -എ.എഫ്.ബി
കുവൈത്ത് സിറ്റി: സമാധാന കരാറിന് പിറകെ ഗസ്സയിലേക്ക് വിവിധ സഹായ വസ്തുക്കളുമായി ട്രക്കുകൾ പ്രവേശിച്ചുതുടങ്ങി. കുവൈത്ത് അയച്ച സഹായവസ്തുക്കളുമായി കെറം ഷാലോം ക്രോസിങ് വഴി 15 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു.
കൈറോയിലെ കുവൈത്ത് എംബസിയുമായും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായും ഏകോപിപ്പിച്ചാണ് പ്രവർത്തനം. വെള്ളിയാഴ്ചക്കകം രണ്ട് അധിക ട്രക്കുകൾ കൂടി ഗസ്സയിലേക്ക് പ്രവേശിക്കുമെന്നും കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഖാമിസ് പറഞ്ഞു.
ഈജിപ്ത്, ജോർഡൻ എന്നിവ വഴി ഗസ്സയിലേക്ക് കുവൈത്ത് ഇതുവരെ 18 വിമാനങ്ങളിലായി 360 ടൺ ദുരിതാശ്വാസ ഭക്ഷണസാധനങ്ങൾ അയച്ചിട്ടുണ്ട്. ഉപരോധവും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും മൂലം കടുത്ത മാനുഷിക സാഹചര്യങ്ങൾ നേരിടുന്ന ഗസ്സയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ സഹായം വിതരണം ചെയ്യുമെന്നും ഖാലിദ് അൽ മഖാമിസ് അറിയിച്ചു.
റഫ ക്രോസിങ് തുറക്കുന്നതോടെ കൂടുതൽ സഹായ ട്രക്കുകൾക്ക് ഗസ്സയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ചയാണ് ഈജിപ്തിലെ ശറമുശൈഖിൽ നടന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടിയിൽ ഗസ്സയിൽ വെടിനിർത്തലിനും ബന്ധികളുടെ കൈമാറ്റത്തിനും ഇസ്രായേലും ഹമാസും ധാരണയിലെത്തിയത്. ഇതിന് പിറകെ പ്രദേശത്ത് സമാധാനം കൈവരുമെന്ന പ്രതീക്ഷയിലാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.