തീർഥാടകരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഹജ്ജ് പൂർത്തിയാക്കി കൂടുതൽ തീർഥാടകർ കുവൈത്തിലെത്തി. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ അലി അൽ അദ്വാനി തയാറെടുപ്പുകൾ നേരിട്ട് വിലയിരുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെയർമാൻ ശൈഖ് ഹുമൂദ് അസ്സബാഹും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു. സുരക്ഷാ, സപ്പോർട്ടിങ് സേനകളുടെ സേവനങ്ങള്‍ ഇരുവരും പ്രശംസിച്ചു.
തീർഥാടകരുടെ സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് സുഗമമാക്കാൻ വിവിധ ഏജൻസികള്‍ മികച്ച ഏകോപനമാണ് നടത്തിയതെന്ന് ഇരുവരും പറഞ്ഞു. ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ ആശംസകളും ഉദ്യോഗസ്ഥരെ അറിയിച്ചു.
തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും, സുഗമവും സൗകര്യപ്രദവും ലളിതവുമായ നടപടിക്രമങ്ങളും ഉറപ്പാക്കിയതായി കുവൈത്ത് എയർവേഴ്സ് കോർപറേഷൻ (കെ.എ.സി) ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽമൊഹ്സെൻ അൽ ഫഖാൻ പറഞ്ഞു.
ഡി.ജി.സി.എ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി എല്ലാ ബന്ധപ്പെട്ട മേഖലകളുമായുള്ള സഹകരണത്തെയും സംയുക്ത ഏകോപനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിന് സൗദി അറേബ്യയെയും അഭിനന്ദിച്ചു. തീർഥാടകർക്ക് ടെർമിനൽ- 4 ൽ കെ.എ.സി സ്വീകരണവും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.