കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ മൂന്നാംഘട്ട വികസനം 88 ശതമാനം പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). മൂന്നാം റൺവേയുടെ നിർമാണം, വിമാനത്താവള അടിസ്ഥാന സൗകര്യ വികസനം, പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ നിർമാണം, കിഴക്കൻ റൺവേയുടെ പുനർവികസനവും നിർമാണവും എന്നിങ്ങനെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നാല് പ്രധാന ഘടകങ്ങളാണുള്ളത്.
മൂന്നാമത്തെ റൺവേ പ്രവർത്തനക്ഷമമാകുന്നതോടെ പഴയ കിഴക്കൻ റൺവേയുടെ പുനർനിർമാണം ആരംഭിക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. ഇത് 14 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 180 ദശലക്ഷം ദീനാർ ഡോളർ ചെലവഴിക്കുന്ന ഈ പദ്ധതി വിമാനത്താവള അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിച്ചുചാട്ടമാകുമെന്ന് കരുതുന്നു.
എയർ നാവിഗേഷൻ, കാലാവസ്ഥ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും മൂന്ന് ആധുനിക റൺവേ സംവിധാനങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള 11 പദ്ധതികൾ ഡി.ജി.സി.എയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സുപ്രധാന പദ്ധതികളിൽ ഒന്നാണ് വിമാനത്താവള പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന് ഡി.ജി.സി.എ പ്ലാനിങ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ എൻജിനീയർ അഹ്മദ് ഹുസൈൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
പുതിയ പാസഞ്ചർ ടെർമിനൽ (ടി-2) പ്രവർത്തനക്ഷമമാകുന്നതോടെ വ്യോമഗതാഗതത്തിലും അടിസ്ഥാന സൗകര്യ ശേഷിയിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം മേഖലയിലെ ഏറ്റവും ആധുനിക വിമാനത്താവളങ്ങളിലൊന്നായി മാറും.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കൺട്രോൾ ടവറും മൂന്നാമത്തെ റൺവേയും കഴിഞ്ഞ മാസം പ്രധാനമന്ത്രി ശൈഖ് അഹ്മദ് ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.