കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിൽ മനുഷ്യാവകാശ വകുപ്പ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് ട്രേഡ് യൂനിയൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
രാജ്യത്തെ മനുഷ്യാവകാശ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള തുടർച്ചയായ സഹകരണം വർധിപ്പിക്കൽ യോഗം മുന്നോട്ടുവെച്ചു. മനുഷ്യക്കടത്ത് കേസുകൾ തടയുക, വ്യവസ്ഥാപിതമായ പ്രക്രിയ ഉറപ്പാക്കുക, നയതന്ത്ര പങ്ക് സജീവമാക്കുക എന്നിവ ലക്ഷ്യമിട്ട് തൊഴിൽ റിക്രൂട്ട്മെന്റിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് കരാറുകളിലേക്ക് ഡേറ്റ ലോഗിങ് ചെയ്യുന്നത് ഉൾപ്പെടുന്ന പ്രക്രിയ സുഗമമാക്കുന്നതിനുള്ള നടപടികളും പരിശോധിച്ചു.
നിയമപാലകരും മനുഷ്യക്കടത്ത് കേസുകളിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസികളും പ്രവർത്തനം വർധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹ് സൂചിപ്പിച്ചു. കുടിയേറ്റ തൊഴിലാളി അഭയകേന്ദ്രങ്ങളിലെ ജീവനക്കാർക്കായി പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.