കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന്, അവിടെ വിതരണം ചെയ്യുന്ന ഭക്ഷണം സൂക്ഷ്മപരിശോധന നടത്തുന്നു. അരിഫ്ജാൻ ക്യാമ്പിലെ അഞ്ചു സൈനികർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജൂലൈ 15നും 19നും ഇടയിലാണ് നിരവധി സൈനികർക്ക് അസ്വസ്ഥതയുണ്ടായത്.
എന്നാൽ, അഞ്ചുപേർക്ക് മാത്രമേ വിഷബാധ സ്ഥിരീകരിച്ചുള്ളൂ. ഛർദിയും വയറിളക്കവും വയറുവേദനയും പോലുള്ള ലക്ഷണങ്ങളാണ് കണ്ടത്. ക്യാമ്പിൽ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ പരിശോധിച്ചതിൽനിന്ന് അസ്വാഭാവികതയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും നിരീക്ഷണം തുടരുകയാണ്. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണത്തിൽനിന്നാവാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാൽ, ഇക്കാര്യത്തിൽ അധികൃതർക്ക് ഉറപ്പുപറയാനാവുന്നില്ല. സൈനികരും സിവിലിയന്മാരും കരാർ ജീവനക്കാരുമായി 14700 പേരെ പരിശോധിച്ചു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി എല്ലാ ഭക്ഷണ വിതരണ സംവിധാനവും നിരീക്ഷിക്കുന്നു. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ക്യാമ്പിലുള്ളവർക്ക് അത്യാവശ്യ പരിശീലനവും നൽകി. മേയ് അവസാന വാരത്തിലും കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ 77 പേർക്ക് അണുബാധയുണ്ടായിരുന്നു. ബൂഹ്റിങ്, അരിഫ്ജാൻ ക്യാമ്പുകളിൽ അണുബാധ പടർന്നുപിടിച്ചതായി ആർമി ടൈംസ് ഡോട്ട്കോം ആണ് റിപ്പോർട്ട് ചെയതത്.
അരിഫ്ജാൻ ക്യാമ്പിലെ 75 പേർക്കും ബൂഹ്റിങ് ക്യാമ്പിലെ രണ്ടുപേർക്കുമാണ് അന്ന് അണുബാധയുണ്ടായത്. കുവൈത്ത് സിറ്റിയിൽനിന്ന് 150 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ക്യാമ്പ്. രണ്ടുമാസത്തിനിടെ ഭക്ഷ്യവിഷബാധ ആവർത്തിച്ചതോടെയാണ് അധികൃതർ സംഭവം കൂടുതൽ ഗൗരവത്തിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.