കുവൈത്ത് സിറ്റി: രാജ്യത്തെ മസാജ് സെൻററുകളിൽ നടക്കുന്ന നിയമലംഘനങ്ങൾ ഇല്ലാതാക്കുന്നതിന് അധികൃതർ നീക്കം ആരംഭിച്ചു. ബോഡി ഫിറ്റ്നസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മസാജ് സെൻററുകൾ എന്നീ പേരുകളിൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒക്ടോബർ മുതൽ കർശന പരിശോധന നടത്തുമെന്ന് കുവൈത്ത് നഗരസഭ ഡയറക്ടർ എൻജി. അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.
ഇത്തരം കേന്ദ്രങ്ങളിൽ പലതിലും അടച്ചിട്ട മുറികളുണ്ടെന്നും അവിടെ സഭ്യതക്ക് നിരക്കാത്ത പ്രവൃത്തികൾ നടക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ. രാജ്യത്തിെൻറ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും മസാജ് സെൻററുകളിലെ അടച്ചിട്ട മുറികൾ പൊളിച്ചുനീക്കുമെന്നും മൻഫൂഹി മുന്നറിയിപ്പ് നൽകി. ആരുടെയെങ്കിലും ദുഃസ്വാധീനത്തിന് വഴങ്ങി ഇക്കാര്യത്തിൽ ആർക്കും ഒരു ഇളവും നൽകില്ല. നഗരസഭ അടിയന്തര വിഭാഗത്തിന് പുറമെ ഇൻറലിജൻസ്, പൊതു സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വ്യാപക പരിശോധന നടക്കുക.
മസാജ് സെൻററുകളിൽ അടച്ചിട്ട മുറികൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് മൂന്നു ദിവസത്തെ സമയം അനുവദിക്കും. പൊളിച്ചുനീക്കാത്ത സെൻററുകൾ പൂട്ടി മുദ്ര വെക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തേ, മഖ്ഹകളിലെ അടച്ചിട്ട മുറികൾ പൊളിച്ചുനീക്കുന്നതിനും സമാനമായ പരിശോധനാരീതിയാണ് പ്രയോഗിച്ചത്.
തുടർച്ചയായ പരിശോധനകൾ വഴി മഖ്ഹകളിലെ വഴിവിട്ട പ്രവർത്തനങ്ങൾ ഏറക്കുറെ ഇല്ലാതാക്കാൻ സാധിച്ചതായി കാപിറ്റൽ എമർജൻസി വിഭാഗം മേധാവി സൈദ് അൽ ഇൻസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.