കുവൈത്ത് സിറ്റി: ജലാശയങ്ങളിലെ അപകടങ്ങളിൽ അതിവേഗത്തിൽ ഇടപ്പെട്ട് മറൈൻ റെസ്ക്യൂ സംഘം. ജനുവരി ഒന്നു മുതൽ വിവിധ അപകടങ്ങളിൽ സഹായത്തിനായി 813 കോളുകൾ വരെ ലഭിച്ചതായി കുവൈത്ത് ഫയർഫോഴ്സ് മറൈൻ ഫയർഫൈറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ബദർ അൽ കദം അറിയിച്ചു. ബോട്ടുകളുടെ തകരാറുകൾ, തീപിടിത്തങ്ങൾ, മുങ്ങിമരണ കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുങ്ങിമരണം, കപ്പലുകളിലെ തീപിടിത്തങ്ങൾ, കാണാതായ കേസുകൾ തുടങ്ങിയ വിവിധ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മറൈൻ റെസ്ക്യൂ ടീമുകൾക്ക് പ്രൊഫഷനൽ പരിശീലനം നൽകി. 24 മണിക്കൂറും ടീം സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ സ്പീഡ് ബോട്ടുകൾ, വയർലെസ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഉണ്ട്. കോസ്റ്റ് ഗാർഡുകളുമായും മറ്റ് അധികാരികളുമായും സംയുക്ത ഓപറേഷൻ റൂം വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നു.
വേനൽക്കാലം രക്ഷാപ്രവർത്തകർക്ക് തിരക്കുള്ള സമയമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കടലിൽ പോകുന്നവർ സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും ഓർമപ്പെടുത്തി. 1998 ലാണ് രാജ്യത്ത് രക്ഷാപ്രവർത്തന വിഭാഗം തുടങ്ങിയത്. അസ്ഥിരവും അപകടകരവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.