കുവൈത്ത് സിറ്റി: മലേറിയയെയും മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് ഈ വർഷം ഏപ്രിൽ വരെ കുവൈത്ത് സംഭാവന നൽകിയത് 4.7 ദശലക്ഷം ദീനാർ (15.5 മില്യൺ ഡോളർ). ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) വഴിയാണ് സംഭാവന നൽകിയതെന്ന് ലോക മലേറിയ ദിനത്തോടനുബന്ധിച്ച് നൽകിയ പത്രക്കുറിപ്പിൽ കെ.എഫ്.എ.ഇ.ഡി വ്യക്തമാക്കി. ആഗോളതലത്തിൽ മലേറിയക്കെതിരെ പോരാടാനുള്ള പ്രോഗ്രാമുകളിലും ശ്രമങ്ങളിലും കുവൈത്ത് തൽപരരാണെന്നും കെ.എഫ്.എ.ഇ.ഡി അറിയിച്ചു.
ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യു.എച്ച്.ഒ) 2.2 ദശലക്ഷം ദീനാർ, എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിനുള്ള ആഗോള ഫണ്ടിലേക്ക് 1.5 ദശലക്ഷം ദീനാർ എന്നിങ്ങനെയും സംഭാവന നൽകിയതായി കെ.എഫ്.എ.ഇ.ഡി വെളിപ്പെടുത്തി.
മലേറിയയെ ചെറുക്കുന്നതിന് യു.എസ് കാർട്ടർ സെന്ററിനും വാക്സിൻ അലയൻസായ ഗവിക്കും യഥാക്രമം 699,000, 304,000 ദീനാർ എന്നിങ്ങനെയും സംഭാവന നൽകി.
2002ൽ എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരെ പോരാടുന്നതിന് ഗ്ലോബൽ ഫണ്ട് ആരംഭിച്ച പ്രോഗ്രാമിന് പുറമേ, 2008ൽ സ്ഥാപിതമായ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ മലേറിയ കൺട്രോൾ ആൻഡ് എലിമിനേഷൻ പ്രോഗ്രാമിന്റെ ശ്രമങ്ങളെയും കെ.എഫ്.എ.ഇ.ഡി പിന്തുണക്കുന്നതായും വ്യക്തമാക്കി.
മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായി ഏപ്രിൽ 25നാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. 2007 മേയിലാണ് വേൾഡ് ഹെൽത്ത് അസംബ്ലി ലോക മലേറിയ ദിനത്തിന് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.