യാത്രക്കാർ വിമാനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അബൂദബി വഴി കോഴിക്കോട്ടേക്ക് തിരിച്ച യാത്രക്കാർ അബൂദബി വിമാനത്താവളത്തിൽ വലഞ്ഞു. അബൂദബിയിൽ നിന്നുള്ള എയർ അറേബ്യ കണക്ഷൻ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ യാത്രക്കാർ വിമാനത്തിൽ ചെലവഴിച്ചത് മണിക്കൂറുകൾ. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ നാട്ടിലേക്ക് അയച്ചു.
ഞായറാഴ്ച രാവിലെ 10.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട വിമാനം അബൂദബിയിൽ കൃത്യസമയത്ത് എത്തിയിരുന്നു. തുടർന്ന് അബൂദബിയിൽ നിന്ന് 2.30ന് കോഴിക്കോട്ടേക്കുളള വിമാനത്തിൽ യാത്രക്കാർ കയറി. എന്നാൽ ഒരു മണിക്കൂറിലേറെ പിന്നിട്ടിട്ടും വിമാനം പുറപ്പെട്ടില്ല. സാങ്കേതിക പ്രശ്നങ്ങളാണ് വിമാനം വൈകലിന് കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ യു.എ.ഇ സമയം മൂന്നുമണിയോടെ എയർ അറേബ്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി നാട്ടിലേക്ക് തിരിച്ചു. രണ്ടു മണിക്കൂറോളം അബൂദബി വിമാനത്താവളത്തിൽ നഷ്ടപ്പെട്ടതിനാൽ യാത്രക്കാർ കോഴിക്കോട് എത്താനും വൈകി.
കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ അബൂദബി വഴിയുള്ള എയർ അറേബ്യ കണക്ഷൻ വിമാനത്തെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. നല്ല നിലയിൽ സർവിസ് നടത്തിയിരുന്ന എയർ അറേബ്യയുടെ സേവനത്തിൽ യാത്രക്കാർ സംതൃപ്തരുമായിരുന്നു. അതിനിടെയാണ് പുതിയ സംഭവം.
വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ച കോഴിക്കോട്, കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ ഷെഡ്യൂളിൽ മാത്രമേ പുനരാരംഭിക്കൂ എന്നാണ് സൂചന. എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ സർവിസ് നിർത്തിയതോടെ ഈ മേഖലയിലെ യാത്രക്കാർ വലിയ പ്രയാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.