നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ 156ാം ജന്മദിനാഘോഷം നാടെങ്ങും നടക്കുകയാണല്ലോ. ജനജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, മദ്യവർജ്ജനം, ഹരിജനോദ്ധാരണം എന്നിങ്ങനെ നിരവധി മേഖലകളിൽ ഇടപെട്ടു പ്രവർത്തിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടിയിരുന്നു. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന തന്റെ ആത്മകഥയിലെ ഇരുപത്തിയാറാം അധ്യായത്തിൽ മഹാത്മജി അക്കാര്യം തുറന്നു പറയുന്നുണ്ട്.
‘സ്നേഹിതരെയോ അപരിചിതരെയോ ആവട്ടെ, ആളുകളെ ശുശ്രൂഷിക്കുക എനിക്കിഷ്ടമായിരുന്നു. ബോംബെയിലെ താമസത്തിനിടക്ക് അവിടെ സ്വന്തം വീട്ടിൽ രോഗിയായി കിടക്കുന്ന എന്റെ മച്ചുനനെ ഞാൻ ചെന്നു കണ്ടു. സാമ്പത്തിക ശേഷിയുള്ള ആളായിരുന്നില്ല അദ്ദേഹം. എന്റെ സഹോദരി (അദ്ദേഹത്തിന്റെ ഭാര്യ) അദ്ദേഹത്തെ ശുശ്രൂഷിക്കാൻ തക്ക കഴിവുള്ളവളുമല്ല. രോഗം ഗൗരവമുള്ളതായിരുന്നു. അദ്ദേഹത്തെ ഞാൻ രാജ്കോട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. അങ്ങനെ എന്റെ സഹോദരിയെയും ഭർത്താവിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് മടങ്ങി. ഞാൻ പ്രതീക്ഷിച്ചതിലേറെനാൾ രോഗം നീണ്ടുനിന്നു.
മച്ചുനനെ എന്റെ മുറിയിൽ കിടത്തി രാപ്പകൽ അദ്ദേഹത്തോടൊപ്പം ഞാൻ കഴിഞ്ഞു. രാത്രി കുറേനേരം ഉണർന്നിരുന്നു അദ്ദേഹത്തെ ശുശ്രൂഷിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. ശുശ്രൂഷക്കിടയിൽ കുറേ ദക്ഷിണാഫ്രിക്കൻ ജോലികളും ഞാൻ ചെയ്യുമായിരുന്നു. എന്തായാലും അവസാനം രോഗി മരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ ശുശ്രൂഷിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് വളരെ ആശ്വാസം തോന്നി. സന്തോഷത്തോടെയല്ലാതെ ചെയ്യപ്പെടുന്ന ശുശ്രൂഷ, ശുശ്രൂഷിക്കുന്നവരെയോ ശുശ്രൂഷിക്കപ്പെടുന്നവരെയോ സഹായിക്കില്ല. എന്നാൽ, ആനന്ദാനുഭൂതിയോടെ ചെയ്യപ്പെടുന്ന സേവനത്തിനു മുമ്പിൽ മറ്റെല്ലാ സുഖങ്ങളും സമ്പാദ്യങ്ങളും മങ്ങി ഒന്നുമല്ലാതെയായിത്തീരുന്നു”.
മറ്റുള്ളവരെ ശുശ്രൂഷിക്കാൻ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ സ്വമനസ്സാലെ ആത്മാർഥതയോടെ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഗാന്ധിജിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ മേഖലയുടെ വളർച്ചക്ക് മഹാത്മജിയുടെ ഈ വാക്കുകൾക്കുള്ള പ്രസക്തി ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.