ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെയെ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത്
ഡയറക്ടർ മുഹമ്മദ് ഹാരിസ് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് റീജനൽ ഓഫിസ് സന്ദർശിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുമായി സന്ദർശന വേളയിൽ ബിസിനസ് സഹകരണ സാധ്യതകൾ അംബാസഡർ ചർച്ചചെയ്തു.
2024ൽ കുവൈത്തിലേക്ക് കൂടുതൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യാവുന്ന കൂടുതൽ ഉൽപന്നങ്ങളും വിലയിരുത്തി. വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ഇറക്കുമതിക്കും ഇരു വിഭാഗവും ചർച്ചയിൽ താൽപര്യം പ്രകടിപ്പിച്ചു.
2024 ലെ തന്ത്രപരമായ സംരംഭങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം കുവൈത്തിലെ ലുലു സ്റ്റോറുകൾ സന്ദർശിക്കാൻ ഒരുങ്ങുന്നതായി അംബാസഡർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് സന്ദർശനം വഴി ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സാമ്പത്തിക ബന്ധങ്ങൾ വളർത്തിയെടുക്കൽ, ബിസിനസ് ശ്രമങ്ങളിലൂടെയുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കൽ എന്നിവയും ഇതിൽ പ്രധാനമാണെന്നും മനേലിസി ഗെംഗെ സൂചിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ഓഫിസ് സന്ദർശിക്കാനായതിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ നന്ദി പ്രകടിപ്പിച്ചു. മേഖലയുടെ സാമ്പത്തിക വളർച്ചയിൽ ലുലുവിന്റെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
ലുലു ഹൈപ്പർമാർക്കറ്റ് നിലവിൽ ഭക്ഷ്യ- ഭക്ഷ്യേതര ഇനങ്ങൾ ഉൾപ്പെടെ 70 ലധികം ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ഹൈപ്പർമാർക്കറ്റിന് പ്രത്യേക സോഴ്സിങ് ഓഫിസും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.