മസ്കത്ത്: ഈ വർഷം വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ഒമാനിൽനിന്ന് 14,000 പേർക്ക് അവസരം ലഭിക്കും. ഒമാനിലെ ഹജ്ജ് ക്വോട്ട സംബന്ധമായ കരാറിൽ ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയവും സൗദി ഹജ്ജ്- ഉംറ കാര്യ മന്ത്രാലയവും ഒപ്പുവെച്ചു. ഈ വർഷത്തെ ഹജ്ജ് ക്വോട്ട കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വോട്ട വർധിക്കുന്നത് കൂടുതൽ വിദേശികൾക്ക് ഹജ്ജിന് പോകാൻ അവസരം ഒരുക്കും. എങ്കിലും ക്വോട്ടയിൽ വൻ വർധനയൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ കുറെ വർഷമായി ഒമാനിൽ നിന്നുള്ള ഹജ്ജ് ക്വോട്ട കുറവായിരുന്നു. ഹറം വികസന പദ്ധതികൾ നടക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഒമാന്റെ ഹജ്ജ് ക്വോട്ട കുറച്ചത്. വികസന പദ്ധതികൾ പൂർത്തിയായതോടെ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ നിയന്ത്രണം നിലവിൽ വരുകയായിരുന്നു. കഴിഞ്ഞ വർഷം ആദ്യം 6000 പേർക്കായിരുന്നു ഒമാനിൽനിന്ന് അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
ഹജ്ജ് ക്വോട്ട കുറഞ്ഞതോടെ ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്രച്ചെലവ് കുത്തനെ ഉയർന്നിരുന്നു. നിരക്ക് കുത്തനെ വർധിച്ചതോടെ മലയാളികൾ അടക്കമുള്ള വിദേശികൾ ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നത് ഒഴിവാക്കിയിരുന്നു. ഇതോടെ ഹജ്ജ് സേവനവുമായി രംഗത്തെത്തുന്ന മലയാളി ഹജ്ജ് ഗ്രൂപ്പുകളും പിന്മാറിയിരുന്നു. ഹജ്ജ് ക്വോട്ട വർധിക്കുകയും ഹജ്ജ് ചെലവുകൾ കുറയുകയും ചെയ്താൽ പഴയ ഹജ്ജ് ഗ്രൂപ്പുകൾ ഇനിയും സജീവമാകാൻ സാധ്യതയുണ്ട്. എന്നാൽ, ഈ വർഷം ഹജ്ജ് യാത്ര ക്വോട്ടയിൽ വൻതോതിലുള്ള വർധനയില്ലാത്തതിനാൽ ഇത്തരം ഹജ്ജ് ഗ്രൂപ്പുകൾ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.