കുവൈത്ത് സിറ്റി: കുവൈത്തിൽ ധനികരുടെ എണ്ണത്തിൽ 6.1 ശതമാനം വർധന. കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സർവിസസ് പുറത്തിറക്കിയ വേൾഡ് വെൽത്ത് റിപ്പോർട്ട് പ്രകാരം പത്ത് ലക്ഷം ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ള 2,17,000 പേരാണ് കുവൈത്തിലുള്ളത്. 2020ലെ റിപ്പോർട്ട് അനുസരിച്ച് 2,05,000 ആയിരുന്നു.
12,000 പേർകൂടി അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു. പശ്ചിമേഷ്യയിൽ സമ്പന്നരുടെ എണ്ണം 5.5 ശതമാനം വർധിച്ചപ്പോൾ അവരുടെ സമ്പത്ത് 6.3 ശതമാനം വർധിച്ചതായി റിപ്പോർട്ട് പറയുന്നു.
ടെക്നോളജി വ്യവസായത്തിൽ ശ്രദ്ധിച്ചതും എണ്ണവിലയിലെ വീണ്ടെടുപ്പുമാണ് വളർച്ചക്ക് പ്രധാന കാരണം. 2021ൽ ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ അവരുടെ സമ്പത്ത് എട്ട് ശതമാനം വർധിപ്പിച്ചു.
ലോകത്തിലെ സമ്പന്നരുടെ എണ്ണം 7.8 ശതമാനം വർധിച്ചു. 2021ൽ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ കുതിപ്പാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2022ൽ വിപണിയിൽ ഇടിവ് കാണുന്നതിനാൽ അടുത്ത വർഷത്തെ റിപ്പോർട്ടിൽ മുരടിപ്പിനാണ് സാധ്യത. അമേരിക്ക, ജപ്പാൻ, ജർമനി, ചൈന എന്നീ രാജ്യങ്ങളിലാണ് അതിസമ്പന്നർ കൂടുതലുള്ളത്. ഫ്രാൻസ്, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, കാനഡ, ഇറ്റലി, ആസ്ട്രേലിയ, നെതർലൻഡ്, ഇന്ത്യ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ആഗോളതലത്തിൽ കുവൈത്ത് 18ാമതാണ്. 17ാമതുള്ള സൗദിയാണ് ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് മുന്നിലുള്ളത്.
സമ്പന്നർ (മില്യണയർ) ഏറെയുണ്ടെങ്കിലും ഫോർബ്സ് മാസിക പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ (ബില്യണയർ) പട്ടികയിൽ കുവൈത്തികൾ ഇല്ല. അറബ് രാജ്യങ്ങളിൽനിന്ന് 21 പേരാണ് ബില്യണയർ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം ഇത് 22 പേരായിരുന്നു. കഴിഞ്ഞ വർഷം മരിച്ച ഇമറാത്തി ബിസിനസ് പ്രമുഖൻ മജീദ് അൽ ഫുതൈം ഒഴിച്ചാൽ മറ്റു പേരുകളിൽ മാറ്റമുണ്ടായില്ല. അറബ് ലോകത്തെ ഏറ്റവും സമ്പന്നൻ ഈജിപ്തിലെ നസീഫ് സവിരിസാണ്. 7.7 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഈജിപ്തിൽനിന്ന് ആറുപേരും ലബനാനിൽനിന്ന് ആറുപേരും പട്ടികയിൽ ഇടം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.