റോഹിങ്ക്യന്‍ മനുഷ്യക്കുരുതി: അന്താരാഷ്ട്ര നീക്കമുണ്ടാവണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന കൂട്ടുക്കുരുതി അവസാനിപ്പിക്കാന്‍ ലോക സമൂഹത്തിന്‍െറ ശക്തമായ നീക്കമുണ്ടാവണമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജാറുല്ല പറഞ്ഞു. 
റോഹിങ്ക്യന്‍ വിഷയത്തില്‍ വ്യാഴാഴ്ച ക്വാലാലംപൂരില്‍ നടന്ന ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം കുവൈത്ത് ന്യൂസ് ഏജന്‍സിയുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. റോഹിങ്ക്യന്‍ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഒ.ഐ.സിക്ക് മാത്രമുള്ളതല്ല. അന്താരാഷ്ട്ര വിഷയമായി കണ്ട് ലോകസമൂഹം മൊത്തം ഏറ്റെടുക്കേണ്ട വിഷയമാണിത്. 
ആധുനികകാലത്ത് ഒരു നാഗരിക സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്ത ക്രൂരതകളാണ് റോഹിങ്ക്യന്‍ വിഭാഗത്തിനെതിരെ നടക്കുന്നത്. ഒരു സമൂഹത്തെ വംശനാശം വരുത്താനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ പിന്തുണയോടെ ബുദ്ധിസ്റ്റ് വംശീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രശ്നം തുടങ്ങിയതുമുതല്‍ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന മൗനം കുറ്റവാളികള്‍ക്ക് പ്രചോദനമാവുകയാണ്. 
പ്രശ്നപരിഹാരത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും കുവൈത്തിന്‍െറ പിന്തുണയുണ്ടായിരിക്കുമെന്നും ഖാലിദ് അല്‍ ജാറുല്ല കൂട്ടിച്ചേര്‍ത്തു.
 

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.