32,000 ദീനാറുമായി മലയാളി  മുങ്ങിയതായി ആരോപണം

മെഹ്ബൂല: സ്നേഹിതന്മാരില്‍നിന്നും കൂടെ ജോലി ചെയ്യുന്നവരില്‍നിന്നും ബിസിനസിലേക്കെന്നുപറഞ്ഞ് വാങ്ങിയ 32,000ത്തോളം ദീനാറുമായി മലയാളി യുവാവ് മുങ്ങിയതായി ആരോപണം. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശി കുന്നത്ത് അബ്ദുല്‍ റഷീദിനെതിരെയാണ് സുഹൃത്തുക്കളായ 26 പേര്‍ ആരോപണമുന്നയിച്ചത്. 200 ദീനാര്‍ മുതല്‍ 4500 ദീനാര്‍ വരെ തങ്ങളില്‍നിന്ന് വാങ്ങിയാണ് റഷീദ് നാടുവിട്ടതെന്ന് സിദ്ദീഖ്, അജേഷ്, അശോകന്‍, ശരീഫ്, സതീഷ്, ശ്രീകാന്ത് തുടങ്ങിയ സുഹൃത്തുക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഓരോരുത്തര്‍ക്കും നഷ്ടമായ തുകയും മറ്റു വിശദാംശങ്ങളും ചിലര്‍ക്ക് ഒപ്പിട്ടുനല്‍കിയ സ്റ്റാമ്പ് പേപ്പറും ഇവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന് കൈമാറി. കോഴിക്കമ്പനികളില്‍നിന്ന് ശീതീകരിച്ച കോഴികള്‍ മെസ്സുകളിലും ഹോട്ടലുകളിലും വിതരണം നടത്തുന്ന ബിസിനസായിരുന്നു റഷീദ് നടത്തിയിരുന്നത്. മാസാന്തം നിശ്ചിത തുക ലാഭവിഹിതം തരുമെന്ന് പറഞ്ഞാണ് പലരില്‍നിന്നുമായി സംഖ്യകള്‍ വാങ്ങിയത്. മൂന്നുവര്‍ഷമായി തുടങ്ങിയ കച്ചവടമാണിത്. എല്ലാ മാസവും ലാഭവിഹിതം നല്‍കിയിരുന്ന ഇദ്ദേഹം ആരെയും അറിയിക്കാതെയാണ് കുവൈത്ത് വിട്ടത്. പണം നല്‍കിയ 26 പേരില്‍ ആന്ധ്ര, രാജസ്ഥാന്‍ സ്വദേശികളുമുണ്ട്. എന്നാലും, ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കുവൈത്ത് വിട്ടതെങ്കിലും കബളിപ്പിക്കപ്പെട്ടവര്‍ ജാള്യം കാരണം വിഷയം പുറത്തുപറയാതിരിക്കുകയായിരുന്നു. 
ഇവരുടെ ബന്ധുക്കള്‍ പൈങ്കണ്ണൂരിലുള്ള വീട്ടില്‍ അന്വേഷിച്ചുചെന്നപ്പോള്‍ റഷീദ് വീട്ടില്‍ എത്തിയ ദിവസംതന്നെ മുടിവെട്ടിവരാമെന്നു പറഞ്ഞ് പുറത്തുപോയതാണെന്നും പിന്നീട് വന്നിട്ടില്ളെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. അലീക്കോ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്ത് വരുകയായിരുന്ന റഷീദ് മെഹ്ബൂലയില്‍ ബ്ളോക്ക് ഒന്നിലുള്ള കമ്പനി വക സ്ഥലത്താണ് താമസം. സിവില്‍ ഐഡി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് കമ്പനിയില്‍നിന്ന് പാസ്പോര്‍ട്ട് കരസ്ഥമാക്കിയത്.
 

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.