കുവൈത്ത് സിറ്റി: രാജ്യത്ത് ഇനി എല്ലാ വർക്ക് പെർമിറ്റിനും 150 ദീനാർ ഫീസ് ഈടാക്കും. നേരത്തെയുള്ള ഇളവുകൾ ഇല്ലാതാക്കി വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തിയതോടെയാണ് പുതിയ മാറ്റം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹാണ് വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ പ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്.
മാൻപവർ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള വർക്ക് പെർമിറ്റുകൾക്ക് അധിക ഫീസ് നൽകുന്നതിൽ നിന്ന് ചില പ്രവർത്തനങ്ങൾക്കും മേഖലകൾക്കും മുമ്പ് ഇളവ് നൽകിയിരുന്നു. 2024 ലെ പ്രമേയത്തിലെ രണ്ടാം ആർട്ടിക്കിൾ പ്രകാരമായിരുന്നു ഈ ഇളവ്. ഇത് റദ്ദാക്കിയതാണ് പ്രധാന മാറ്റം.
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ, ആരോഗ്യ മന്ത്രാലയം ലൈസൻസ് നൽകിയ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, സ്വകാര്യ സർവകലാശാലകൾ, കോളജുകൾ, സ്കൂളുകൾ, നിക്ഷേപ പ്രൊമോഷൻ അതോറിറ്റി അംഗീകാരമുള്ള വിദേശ നിക്ഷേപകർ, സ്പോർട്സ് ക്ലബ്ബുകളും ഫെഡറേഷനുകളും, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, സഹകരണ സംഘങ്ങൾ, തൊഴിലാളി യൂനിയനുകൾ, ചാരിറ്റികൾ, എൻഡോവ്മെന്റുകൾ, ലൈസൻസുള്ള കാർഷിക പ്ലോട്ടുകൾ വാണിജ്യ, നിക്ഷേപ സ്വത്തുക്കൾ, വ്യാവസായിക സൗകര്യങ്ങളും ചെറുകിട വ്യവസായങ്ങളും എന്നീ മേഖലകൾക്കും സ്ഥാപനങ്ങൾക്കുമാണ് ഇളവ് ഉണ്ടായിരുന്നത്. ഇത് ഒഴിവായതോടെ എല്ലാ മേഖലകൾക്കും ഇനി 150 ദീനാർ ഫീസ് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.