കുവൈത്ത് സിറ്റി: രാജ്യത്തിെൻറ ആവശ്യത്തിന് ജലം മതിയാവാതെ വരുന്ന ഘട്ടത്തിൽ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് പഠിക്കുമെന്ന് അധികൃതർ. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ ജല-വൈദ്യുതി മന്ത്രി ഇസാം അൽ മർസൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് കരട് പ്രമേയം തയാറാക്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ സൗദി വാട്ടർ ലൈനുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന. തുടർന്ന് മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിച്ച് ജലക്ഷാമം പരിഹരിക്കാനാണ് പദ്ധതി. ഇതിനുവേണ്ട ചർച്ചകളും പഠനങ്ങളുമാണ് ആദ്യം നടക്കുക.
തുടർന്ന് വരിക്കാരിൽനിന്ന് ഫീസ് ഈടാക്കേണ്ടതുൾപ്പെടെ മറ്റ് നടപടികളെ കുറിച്ച പഠനവും നടക്കും. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി രാജ്യത്ത് ജലക്ഷാമം കൂടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആളോഹരി ജലോപയോഗം കൂടുതലുള്ള രാജ്യമാണ് കുവൈത്ത്. ജലോപയോഗത്തിൽ ലോകതലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം ഒരു വ്യക്തി വിവിധ ആവശ്യങ്ങൾക്കായി ശരാശരി 500 ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിദിനം 200 മുതൽ 250 ലിറ്റർ വരെ ജലം ഉപയോഗിക്കാമെന്നാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചുപോരുന്നത്. ഇതുപ്രകാരം ആളോഹരി 250 ലിറ്റർ ജലമാണ് കുവൈത്തിൽ അധികമായി ഉപയോഗിക്കുന്നത്. അമിതവ്യയം കുറക്കുന്നതിനുള്ള ബോധവത്കരണ പരിപാടികൾ വ്യാപകമായി നടക്കുമ്പോൾതന്നെയാണ് കുവൈത്ത് ജലോപയോഗത്തിൽ മുന്നിൽനിൽക്കുന്നത്.
അതേസമയം, ജലോപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് ലോകത്ത് രണ്ടാം സ്ഥാനമുണ്ട്.
ജല-വൈദ്യുതി മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തിയ മിതത്വ കാമ്പയിനിെൻറ ഫലമായി സ്കൂളുകളിലെ ജലോപയോഗം 40 ശതമാനം കുറക്കാനായിട്ടുണ്ട്.
കുവൈത്തുൾപ്പെടെ മേഖലയിൽ ഭാവിയിൽ വൻ ജല ദൗർലഭ്യത അനുഭവപ്പെടുമെന്നാണ് വിവിധ അന്താരാഷ്ട്ര ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.