കുവൈത്ത് സിറ്റി: സന്ദർശക വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനഘട്ടത്തിലെന്ന് സൂചന. ഇതുസംബന്ധിച്ച തീരുമാനം ആഭ്യന്തര മന്ത്രാലയം ഉടൻ പുറപ്പെടുവിക്കുമെന്നും പുതുവർഷത്തിന്റെ തുടക്കത്തിൽ നടപ്പാക്കുമെന്നും കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അടങ്ങുന്ന തീരുമാനങ്ങളുടെ കരട് പകർപ്പ് ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് കൈമാറിയിട്ടുണ്ട്. സന്ദർശക വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുന്നതായാണ് വിവരം. സന്ദർശന വിസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നത് തടയുക, വിസകൾക്കുള്ള ഫീസ് ഇരട്ടിയാക്കുക, ആശ്രിതരിൽ ഭാര്യയും കുട്ടികളും മാത്രം ഉൾപ്പെടുത്തുക എന്നിവ കരടിൽ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന ശമ്പളം വാങ്ങുന്നവർക്കു മാത്രമേ മാതാപിതാക്കളെ ആശ്രിതരായി കൊണ്ടുവരാനാകൂ എന്നും നിർദേശമുള്ളതായി സൂചനയുണ്ട്. സന്ദർശക വിസ, കുടുംബ വിസ എന്നിവ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള മിനുക്കുപണികൾ പ്രത്യേക സംഘം നടത്തിവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിനെതുടർന്ന് നിർത്തിവെച്ച സന്ദർശക വിസകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കമേഴ്സ്യൽ സന്ദർശന വിസ മാത്രമാണ് ഇപ്പോൾ നൽകുന്നത്.
അതിനിടെ കുടുംബ വിസ അനുവദിക്കുന്നത് താൽക്കാലികമായി പുനരാരംഭിച്ചിട്ടുണ്ട്. കുട്ടികൾക്കാണ് നിലവിൽ വിസ നൽകുന്നത്. നവംബറിൽ ആരംഭിച്ച നടപടികളെ തുടർന്ന് ഇതിനകം കുട്ടികൾക്കായി 3000 കുടുംബ വിസകൾ അനുവദിച്ചതായി താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.