കുവൈത്ത് സിറ്റി: സഹകരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ മുട്ടകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 12 കോഴി ഫാമുകള്‍ക്കെതിരെ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധാരണ അളവിൽ മുട്ട നല്കാന് ഫാമുകൾ വിമുഖത കാണിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ഡിമാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ വിതരണ കമ്മി 50ശതമാനത്തിൽ എത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി. പരിശോധനയും സഹകരണ സംഘങ്ങൾ നൽകിയ പരാതികളും അടിസ്ഥാനമാക്കിയാണ് മന്ത്രാലയത്തിന്റെ നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ സഹകരണ സ്ഥാപനങ്ങളില്‍ മുട്ട ക്ഷാമം അനുഭവപ്പെട്ടിരുന്നു. കോഓപറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് മുട്ട നല്കാന് ഫാമുകൾ വിമുഖത കാണിക്കുകയും എന്നാല്‍ സമാന്തര വിപണിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
വിവിധ രാജ്യങ്ങളിൽ പക്ഷിപ്പനിയെ തുടർന്ന് രാജ്യത്തേക്ക് മുട്ട ഇറക്കുമതി നിർത്തിവെച്ചിട്ടുണ്ട്. മുട്ടയുടെ ആവശ്യം വർധിച്ചതിനെ തുടര്‍ന്ന് മുട്ട കയറ്റുമതിക്കും വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ നിലവിലെ ഉൽപാദനശേഷി ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ലെന്നാണ് മുട്ടക്കമ്പനികളുടെ വാദം. എന്നാൽ കയറ്റുമതി നിലവാരം വർധിച്ചതാണ് കമ്മിക്ക് കാരണമെന്ന് സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.