കുവൈത്ത് സിറ്റി: ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ പദ്ധതിയെ പൂർണമായി നിരസിച്ച കുവൈത്ത്, തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമസാധുതയെ പരിഹസിക്കുന്നതുമാണെന്ന് ചൂണ്ടികാട്ടി.
ഇസ്രായേൽ നീക്കം ദ്വിരാഷ്ട്ര പരിഹാര സാധ്യതകളെ ദുർബലപ്പെടുത്തുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാ കൗൺസിലും ഉടനടി ഇടപെടണം. ഗസ്സയിലെ അതിക്രമങ്ങൾ നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കണം. ഗസ്സയിലേക്ക് അടിയന്തിരമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നത് ഉറപ്പാക്കുകയും പട്ടിണി നയം അവസാനിപ്പിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ബന്ദികളെ മുഴുവൻ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയിൽ ഇസ്രായേലിന്റെ നിയന്ത്രണം, ബദൽ സിവിലിയൻ സർക്കാർ രൂപവത്കരിക്കുക, സൈനികവത്കരണം എന്നീ നെതന്യാഹുവിന്റെ അഞ്ച് തത്വങ്ങളും ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.