കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനായുള്ള ഇസ്രായേൽ നീക്കങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്.
കുടിയേറ്റം വർധിപ്പിക്കുന്നതിനായി ഇസ്രായേൽ ഭരണകൂട ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ആസൂത്രിതമായ കുടിയേറ്റ വിപുലീകരണങ്ങൾ അന്താരാഷ്ട്ര നിയമസാധുതയുടെയും ഐക്യരാഷ്ട്രസഭ പ്രമേയങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഫലസ്തീൻ ജനതക്ക് കുവൈത്തിന്റെ പൂർണ പിന്തുണയും വ്യക്തമാക്കി.
1967ലെ അതിർത്തിക്കുള്ളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തിനും പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമസാധുത സംരക്ഷിക്കുന്നതിനും വിഷയത്തിൽ യു.എൻ രക്ഷാ കൗൺസിൽ ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.