മദീനയിലെ വൈദ്യുതി നിലയം ആക്രമണം മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നത്; ശക്തമായി അപലപിച്ചു കുവൈത്ത്
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി എത്തിക്കുന്ന കേന്ദ്രത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം ലജ്ജാകരമായ ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുസ്‌ലിംകളുടെ രണ്ടാമത്തെ പവിത്രമായ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും, ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രതക്കെതിരായ ഗുരുതരമായ ലംഘനവുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
തങ്ങളുടെ പരമാധികാരവും സുരക്ഷയും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന ഏത് നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണമായ ഐക്യദാർഢ്യവും പിന്തുണയും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സിസി) അംഗരാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മദീനയിലെ പ്രവാചക പള്ളിയിലേക്കും മറ്റും വൈദ്യുതി വിതരണം ചെയ്യുന്ന 'തൈബ'പവർ സ്റ്റേഷനുനേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി അറബ് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കിയിരുന്നു.
മദീനയിലെ സിവിലിയൻ പവർ ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷനായി അറിയപ്പെടുന്ന 'തൈബ' കേന്ദ്രം ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടെങ്കിലും മൊത്തത്തിലുള്ള വൈദ്യുതി വിതരണത്തെ ബാധിച്ചില്ലെന്നും വൈദ്യുതി വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.