ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധം
കുവൈത്ത് സിറ്റി: രാജ്യത്ത് ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങള്‍. സംഭാവന നൽകുന്നവരുടെയും സഹായം ലഭിക്കുന്നവരുടെയും സാമ്പത്തിക ഇടപാടുകൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനുള്ള പുതിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഏഴു അധ്യായങ്ങളിലായി 96 വകുപ്പുകളാണ് പുതിയ കരട് നിയമത്തിലുള്ളത്.
ജീവകാരുണ്യ മേഖലയുടെ മേൽനോട്ടത്തിനായി നാഷണൽ സെന്റർ ഫോർ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്ക് സ്ഥാപിക്കും. ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ജീവകാരുണ്യ പ്രവർത്തനമോ ധനസമാഹരണമോ നടത്താൻ അനുവദിക്കില്ല. സംഭാവനകൾ ശേഖരിക്കുന്നതിനും പണമായി സംഭാവന സ്വീകരിക്കുന്നതിനും പ്രത്യേക അനുമതി നിർബന്ധമാക്കും.
ചാരിറ്റികൾ സംഭാവന നൽകുന്നവരുടെയും സഹായം ലഭിക്കുന്നവരുടെയും വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കണം. ധനസമാഹരണവുമായി ബന്ധപ്പെട്ട രേഖകൾ 10 വർഷം വരെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനോ തീവ്രവാദ ധനസഹായത്തിനോ സംശയിക്കുന്ന ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം.
കുട്ടികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സംരക്ഷിക്കുന്നതിനും പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നിർദേശിച്ചിട്ടുണ്ട്. 1959 ലെ നിലവിലെ നിയമത്തിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.