കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്ര പ്രശ്നത്തിന് പരിഹാരമാവുന്നു. ഇരുരാജ്യങ്ങളും പുതിയ തൊഴിൽ കരാറിൽ വെള്ളിയാഴ്ച ഒപ്പുവെച്ചേക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറിെൻറ വക്താവ് ഹാരി റോക്കെ പറഞ്ഞു. ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻസ് ഉന്നതതല സംഘം നടത്തിയ ചർച്ചകളെ തുടർന്നാണ് മഞ്ഞുരുക്കമുണ്ടായത്. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കരാറിൽ ഒപ്പുവെക്കുന്നതോടെ ഭാഗികമായി പിൻവലിക്കാൻ താൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർതിനോട് ശിപാർശ ചെയ്യുമെന്ന് ബെല്ലോ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ളതാണ് കരാർ. ഫിലിപ്പീൻസ് എംബസിക്ക് തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ പൊലീസിൽ പ്രത്യേക യൂനിറ്റ് സ്ഥാപിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഫിലിപ്പിനോകൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പറും സ്ഥാപിക്കും. സ്പോൺസർമാരിൽനിന്ന് ഗാർഹികത്തൊഴിലാളികളെ ഒളിച്ചുകടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത നാലു ഫിലിപ്പീൻസ് ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം വിട്ടയച്ചു. രണ്ടു ദിവസമായി നടക്കുന്ന നയതന്ത്ര ചർച്ചകളുടെ ഫലമാണിത്.
കുവൈത്തിലേക്ക് വീണ്ടും തൊഴിലാളികളെ അയക്കണമെങ്കിൽ തൊഴിലാളികളെ പീഡിപ്പിക്കുന്ന സ്പോൺസർമാർക്കെതിരെ കേസെടുക്കുക, എംബസിയുടെ ഷെൽട്ടറിൽ അഭയം തേടിയ 800ഒാളം ഫിലിപ്പീനികളെ തിരിച്ചുപോരാൻ അനുവദിക്കുക, വിവിധ കാരണങ്ങളാൽ എംബസിയുടെ സഹായം തേടിയ 120 തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുക തുടങ്ങിയ നിബന്ധനകൾ ഫിലിപ്പീൻസ് മുന്നോട്ടുവെച്ചിരുന്നു. ഇത് എത്രത്തോളം അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് കരാറിെൻറ പൂർണരൂപം പുറത്തുവരുേമ്പാൾ മാത്രമാണ് വ്യക്തമാവുക.
ചുരുങ്ങിയ വേതനം 120 ദീനാർ ആക്കണം, എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, തൊഴിലാളികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് കരാർ. ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലിടണമെന്നും കരടുകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. സ്പോൺസറിൽനിന്ന് പ്രശ്നങ്ങൾ നേരിട്ടാൽ തൊഴിലാളികൾക്ക് നേരിട്ട് കുവൈത്ത് അധികൃതർക്ക് പരാതി നൽകാനും അവകാശമുണ്ടാവും. സ്പോൺസർമാർ വ്യാജ പരാതി നൽകുന്നതിനെതിരെയും വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം തൊഴിൽ പീഡനമുൾപ്പെടെ അവകാശ നിഷേധത്തിന് കേസുള്ള സ്പോൺസർമാർക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.