കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതർ. അർഹരായ സ്വദേശി ഉദ്യോഗസ്ഥരെ വിവിധ സർക്കാർ വകുപ്പുകളിൽ സെൻട്രൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സിസ്റ്റംവഴി നിയമിക്കുമെന്ന് സിവിൽ സർവിസ് ബ്യൂറോ വ്യക്തമാക്കി.
ഓരോ തസ്തികയിലും സ്വദേശിവത്കരണം നടപ്പാക്കേണ്ട ശതമാനം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തുന്നുണ്ട്. സ്വദേശിവത്കരണ നിയമം നടപ്പാക്കിയ ശേഷം നിരവധി വിദേശികളെ പിരിച്ചുവിട്ടു.
യോഗ്യരായ സ്വദേശികളെ ആവശ്യത്തിന് ലഭിക്കാത്തതിനാൽ ചില മന്ത്രാലയങ്ങൾ പൂർണ സ്വദേശിവത്കരണം നടപ്പാക്കാൻ സാവകാശം ചോദിച്ചിട്ടുണ്ട്. ക്രമേണ കുവൈത്തികളെ വളർത്തിക്കൊണ്ടുവന്ന് പൊതുമേഖല പൂർണമായി സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം. മാർച്ച് 31 മുതൽ നോൺ-സ്പെഷലൈസ്ഡ് തസ്തികകളിൽ വിദേശികളുടെ തൊഴിൽ കരാറുകൾ പുതുക്കില്ലെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു.
തൊഴിൽ വിപണിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം സ്വദേശി യുവാക്കളിൽ ഉണ്ടാക്കിയെടുക്കാൻ അധികൃതർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലടക്കം സ്വദേശിവത്കരണത്തിന് സർക്കാറിന് പദ്ധതിയുണ്ടെങ്കിലും കുവൈത്തികൾ ഇതിന് താൽപര്യം കാണിക്കുന്നില്ല. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ സുരക്ഷയും സ്ഥിരതയും ലഭിക്കുമെന്ന് കണ്ടാണ് സ്വദേശികൾ സ്വകാര്യമേഖലയെ കൈവിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിഭാരവും സമ്മർദങ്ങളും ഈ പ്രവണതക്ക് ആക്കം കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.