പൊടിച്ചുതീര്‍ത്ത ഓണ‘ക്കോടി’കള്‍: വിവിധ സംഘടനകള്‍ മൊത്തം ചെലവഴിച്ചത് നാലുകോടിയിലേറെ രൂപ

കുവൈത്ത് സിറ്റി: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഉത്സവമായ ഓണം പ്രവാസികള്‍ കാര്യമായിത്തന്നെ ആഘോഷിച്ചു. ഓണസദ്യയും മറ്റു പരിപാടികളുമായി ആഘോഷം പൊടിപൊടിച്ചപ്പോള്‍ മൊത്തം ചെലവായത് വലിയ തുക. 
കുവൈത്തിലെ മലയാളി സംഘടനകള്‍ ഓണാഘോഷത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടികളാണ്. ചെറുതും വലുതുമായി നൂറിലേറെ കൂട്ടായ്മകള്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ശരാശരി ഒരു സംഘടന 1500 മുതല്‍ 2000 ദീനാര്‍ വരെ ചെലവഴിക്കുന്നു. ഇതിന്‍െറ മൊത്തം മൂല്യം കണക്കാക്കിയാല്‍ നാലുകോടിയിലേറെ രൂപവരും. പ്രധാന സംഘടനകളെല്ലാം നാട്ടില്‍നിന്ന് വിശിഷ്ടാതിഥികളെ കൊണ്ടുവന്നു. ചലച്ചിത്ര പിന്നണി ഗായകരെ അണിനിരത്തിയുള്ള ഗാനമേളയൊരുക്കിയാണ് പലരും വമ്പ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ നേതാക്കളായിരുന്നു അധികവും അതിഥികളായത്തെിയത്. ചിലര്‍ സാംസ്കാരിക പ്രവര്‍ത്തകരെയും കവികളെയും കൊണ്ടുവന്നു. ചലച്ചിത്ര സംവിധായകനും മാപ്പിളപ്പാട്ടുഗായകരും അതിഥികളായത്തെി. ആ മേഖലയില്‍ അത്രയേറെ പണം മുടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ എംബസി ഉദ്യോഗസ്ഥരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. 
കുവൈത്തിലെ മലയാളി സാംസ്കാരിക പ്രവര്‍ത്തകരും ഉദ്ഘാടകരായി. ചിലര്‍ ബിസിനസ് രംഗത്തുള്ളവരെ മുഖ്യതിഥികളാക്കി. സ്പോണ്‍സര്‍ഷിപ് വകയില്‍ മോശമല്ലാത്ത തുക പെട്ടിയിലാവുമെന്നതാണ് ഇതിന്‍െറ മെച്ചം. സ്കൂളുകളാണ് പ്രധാനമായും ഓണാഘോഷത്തിന് വേദിയായത്. ഒരുദിവസത്തേക്ക് ഒരുലക്ഷം രൂപവരെ ഈടാക്കിയാണ് സ്കൂളുകള്‍ സ്ഥലമനുവദിച്ചത്. താലപ്പൊലിയും വര്‍ണപ്പൊലിമയേറിയ സാംസ്കാരിക ഘോഷയാത്രയുമെല്ലാം ചെലവ് കൂട്ടി. കൊട്ടിപ്പാടാന്‍ മികച്ച ടീമുകള്‍ ഇവിടത്തെന്നെയുണ്ട്. നാട്ടിലെ ഏത് പ്രഫഷനല്‍ ടീമിനോടും കിടപിടിക്കാവുന്ന ശിങ്കാരിമേളവും ഗാനമേള ട്രൂപ്പുകളും റെഡിയാണ്. നഴ്സുമാരായും മറ്റും വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന കലാകാരന്മാര്‍ നല്ല പരിശീലന മികവോടെയാണ് അരങ്ങിലത്തെുന്നത്. സദ്യ തന്നെയാണ് സ്വാഭാവികമായും ഓണാഘോഷത്തിന്‍െറ ഹൈലൈറ്റ്. രുചിക്കൂട്ടൊരുക്കാന്‍ നാട്ടില്‍നിന്ന് പഴയിടം മോഹനന്‍ നമ്പൂതിരി മുതല്‍ പ്രമുഖര്‍ തന്നെ എത്തി. 
വിഭവസമൃദ്ധമായിരുന്നു ഏതാണ്ടെല്ലാ സദ്യയും. സര്‍വാഭരണ വിഭൂഷിതനായി മാവേലി മുന്‍നിരയില്‍നിന്ന് കൈവീശി. ഇതിനുമുണ്ട് അത്യാവശ്യം ചെലവ്. റാഫിള്‍ കൂപ്പണും സ്പോണ്‍സര്‍ഷിപ്പുമായിരുന്നു പരിപാടികളുടെ സാമ്പത്തിക ഉറവിടം. 
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സദ്യയും കലാപരിപാടികളുമടങ്ങിയ വിപുലമായ ഓണാഘോഷങ്ങള്‍ നടന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കൂടാതെ ജില്ലാ അസോസിയേഷനുകളും കേരളത്തിലെ ചെറുപ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കി. 
തിരുവോണം കഴിഞ്ഞ് ഒന്നരമാസമാവുമ്പോഴും പരിപാടികള്‍ തീര്‍ന്നിട്ടില്ല. സെപ്റ്റംബര്‍ 14നായിരുന്നു തിരുവോണം.
 ഒക്ടോബറും പിന്നിട്ട് നവംബറിലേക്കും ആഘോഷം നീളും.

Tags:    
News Summary - kuwait onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.