കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷം കണക്കിലെടുത്ത് സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, ആറ് ഗവർണറേറ്റുകളിലെ സുരക്ഷ വകുപ്പ് മേധാവികൾ, ഉന്നത പൊലീസ് മേധാവികൾ എന്നിവരാണ് പങ്കെടുത്തത്.
സുരക്ഷക്കായി 8,000 സേനാംഗങ്ങൾ, 900 പട്രോളിങ് സേനാംഗങ്ങൾ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി. ആഘോഷ പരിപാടികൾ സജീവമാകാറുള്ള ഖൈറാൻ, വഫ്ര, കബ്ദ്, സബ്ബിയ, ശൈഖ് ജാബിർ പാലം, അബ്ദലി ഫാം മേഖല, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിൽ പ്രത്യേക ജാഗ്രതയുണ്ടാകും. ആഘോഷങ്ങൾ ജനജീവിതത്തിനും യാത്രാ നീക്കത്തിലും തടസ്സമാകാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമെതിരെ ഫോം സ്പ്രേ ഉപയോഗിക്കുന്നതും കളിത്തോക്ക് ഉപയോഗിച്ച് വെള്ളം ചീറ്റുന്നതും കണ്ടാൽ നടപടിയെടുക്കാനാണ് നിർദേശം. ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയും വാഹനം കണ്ടുകെട്ടലും ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. വാണിജ്യ വ്യവസായ മന്ത്രാലയം മാർച്ച് വരെ വെള്ളം നിറച്ച ബലൂണുകളുടെയും വെള്ളം ചീറ്റിക്കുന്ന കളിത്തോക്കും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഹൈവേകളിൽ റാലികളും ഗതാഗതം തടസ്സപ്പെടുത്തുന്ന നടപടികളും അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.
ദേശീയ അവധി ദിനങ്ങൾ ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കാൻ നിയമം മാനിക്കണമെന്നും സ്വദേശികളും വിദേശികളുമുൾപ്പെടെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.