ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അലങ്കരിച്ച അഹ്മദി പാർക്ക്
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ പൊലിമയിൽ നിൽക്കുന്ന കുവൈത്തിൽ നാടും നഗരവും നിറങ്ങളിൽ നീരാടുന്നു. സർക്കാർ ഓഫിസുകളും കുവൈത്തി വീടുകൾ ദേശീയ പതാക അലങ്കരിച്ചും വർണവെളിച്ചം വിതറിയും ഭംഗിയാക്കിയിട്ടുണ്ട്. ദേശീയ പതാകയുടെ നിറങ്ങളിൽ ലൈറ്റുകൾ തെളിയുന്നത് രസമുള്ള രാത്രി കാഴ്ചയാണ്.
അതിൽ തന്നെ ഏറ്റവും മനോഹരമായ കാഴ്ചവിസ്മയം അഹ്മദി പാർക്കിലാണ്. കുവൈത്ത് ടവറിന്റെയും ലിബറേഷൻ ടവറിന്റെയും രാജ്യത്തിന്റെ പതാകയുടെയും ഭൂപടത്തിന്റെയും മാതൃകയിലുള്ള വെളിച്ച ഗോപുരങ്ങൾ കണ്ണഞ്ചിപ്പിക്കും. അതിമനോഹരമായ കലാമികവോടെയാണ് ഇവ തയാറാക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധിയാളുകളാണ് വൈകുന്നേരങ്ങളിലും രാത്രിയും ഇത് കാണാനെത്തുന്നത്.
വലിയ പായ്ക്കപ്പൽ, ഒട്ടകം തുടങ്ങി രാജ്യത്തിന്റെ പൈതൃക ചിത്രങ്ങളും അതിശയിപ്പിക്കുന്ന കലാമികവിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫർവാനിയ, ജഹ്റ, കുവൈത്ത് സിറ്റി, ജലീബ് അൽ ശുയൂഖ് തുടങ്ങിയ ദൂരദിക്കുകളിൽനിന്ന് പോലും പാർക്കിലെ വെളിച്ച വിസ്മയം കാണാൻ ആളുകsളെത്തുന്നു. ഒന്നു പോയി കണ്ടാൽ ഒരിക്കലും നഷ്ടം വരാത്ത ഗംഭീര കാഴ്ചവിരുന്നാണ് ദേശീയ ദിനാഘോഷ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികൾ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. ദേശീയ, വിമോചന ദിനങ്ങൾ ആഘോഷിക്കുന്ന ഫെബ്രുവരി 25, 26 തീയതികൾ ആവുേമ്പാഴേക്ക് ഇത് പാരമ്യത്തിലെത്തും.
നിരത്തുകളിലോടുന്ന വാഹനങ്ങളും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യനിവാസികളായ വിദേശികളും പിറകിലല്ല. അന്നം തരുന്ന നാടിനോടുള്ള നന്ദി സൂചകമായി വിദേശികളും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളിലും ദേശീയ ദിനാഘോഷത്തിന്റെ പൊലിമ കാണാം. വാഹനറാലികളും കലാപരിപാടികളുമെല്ലാമായി വരുംദിവസങ്ങൾ കുവൈത്തിന്റെ തെരുവുകളും പൊതുഇടങ്ങളും ആഘോഷത്തിമിർപ്പിന് വേദിയാവും. കുവൈത്തി പാർപ്പിട സമുച്ചയങ്ങൾക്കരികിലൂടെ ഇക്കാലത്ത് യാത്ര കൺകുളിർമയേകുന്നതാണ്. വീടിന്റെയാത്ര ഉയരമുള്ള കൂറ്റൻ പതാകകൾ പലയിടത്തും തൂക്കിയതായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.