കുവൈത്ത് സിറ്റി: ബയാൻ പാലസിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ കുവൈത്തിന്റെ 64ാം ദേശീയ ദിനത്തിന്റെയും 34ാം വിമോചന ദിനത്തിന്റെയും ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. ഇതോടൊപ്പം രാജ്യത്തിന്റെ ആറ് ഗവർണറേറ്റുകളിലും പ്രത്യേകം പതാക ഉയർത്തൽ ചടങ്ങ് നടന്നു.
സൈനികരുടെയും കുതിരകളുടെയും അകമ്പടിയോടെ ആഘോഷമായാണ് ബയാൻ പാലസിൽ പതാക ഉയർത്തൽ അരങ്ങേറിയത്. വ്യോമസേനയുടെ ഹെലികോപ്ടറുകൾ കൂറ്റൻ കുവൈത്ത് പതാകയെ ഉയരത്തിൽ പാറിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇനി ഒരു മാസത്തോളം കുവൈത്തിന് ആഘോഷക്കാലമാണ്. ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ, വിമോചന ദിനമെങ്കിലും രാജ്യം ആഘോഷാരവങ്ങളിലേക്ക് കടന്നുകഴിഞ്ഞു. സർക്കാർ തലത്തിലും അല്ലാതെയും വൈവിധ്യമാർന്ന പരിപാടികളാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്.
ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ബയാൻ പാലസിൽ നടന്ന പതാക ഉയർത്തൽ പരിപാടി
തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് കുവൈത്തിന് അറബ് സാംസ്കാരിക തലസ്ഥാന പദവി ലഭിച്ച പശ്ചാത്തലമുണ്ട്. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.