കുവൈത്ത് സിറ്റി: തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കുന്നത് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരിഗണനയിൽ.
ഇതിനായി സ്ഥലം അനുവദിക്കണമെന്ന് കാർഷിക -മത്സ്യവിഭവ വകുപ്പിന്റെ അഭ്യർഥന ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പൽ കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി ചർച്ച ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫൂർ പറഞ്ഞു. വഫ്ര, അബ്ദലി, സാൽഹിയ, കബ്ദ് തുടങ്ങിയ കാർഷിക മേഖലകളിലാണ് സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്.
നിർദിഷ്ട സ്ഥലത്തിന്റെ വിസ്തീർണ്ണവും മറ്റു ആവശ്യകതകളും വ്യക്തമാക്കാൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വഫ്ര അബ്ദലി, കബ്ദ്, സുലൈബിയ തുടങ്ങിയ കാർഷിക മേഖലകളിലും ചില റെസിഡൻഷ്യൽ ഏരിയകളിലും തെരുവുനായ്ക്കളുടെ ശല്യമുണ്ട്.
നടവഴികളും തുറന്ന മൈതാനങ്ങളും തെരുവുനായകൾ കൈയടക്കിയതായി പരാതിയുണ്ട്. ചില സ്വദേശികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നായകളെ പിന്നീട് തെരുവിലേക്ക് ഇറക്കിവിടുന്നതും വീടുകളിൽനിന്ന് ഓടിപ്പോവുന്നതുമാണ് കുവൈത്തിൽ മുൻകാലത്തെ അപേക്ഷിച്ച് തെരുവുനായ ശല്യം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇവയിൽനിന്ന് പ്രത്യുൽപാദനത്തിലൂടെ വ്യാപനമുണ്ടായി. വലിയ പണം കൊടുത്ത് ഇറക്കുമതി ചെയ്യുന്ന നായ്ക്കളെ ഏതാനും മാസത്തെ കൗതുകം കഴിഞ്ഞാൽ പുറത്ത് ഇറക്കിവിടുന്നതായി പരാതിയുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് കാർഷിക മത്സ്യ വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ വിഷം കുത്തിവെച്ച് കൊല്ലുന്ന പദ്ധതി ആരംഭിച്ചപ്പോൾ ഇതിനെതിരെ മൃഗസ്നേഹികൾ സമരത്തിനിറങ്ങി.
മാനുഷിക സേവനത്തിനും ദയക്കും പേരുകേട്ട കുവൈത്തിന് ചേരാത്ത പ്രവൃത്തിയാണ് ജന്തുക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.