കുവൈത്ത് സിറ്റി: ജലീബ് അൽ ഷൂയൂഖിലെ സമൂലമാറ്റത്തിന് അടിയന്തര നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. മേഖലയിലെ ദീർഘകാല പുനർവികസന പദ്ധതികൾക്ക് മുന്നോടിയായാണ് ഇത്. മേഖലയുടെ സമഗ്രമായ വിലയിരുത്തൽ മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരെ താമസിപ്പിക്കുന്നത് നിരോധിക്കുന്നതുള്‍പ്പെടെയുള്ള പുതിയ കരട് നിയമം ഒരുക്കുകയാണ്. ഈ നിയമം പ്രകാരം നിയമലംഘകരെ ഒഴിപ്പിക്കാനും വൈദ്യുതി, ജലവിതരണം എന്നിവ വിച്ഛേദിക്കാനുമുള്ള അധികാരം മുനിസിപ്പാലിറ്റിക്ക് കൈവരുമെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. 2016 ലെ 33ാം നമ്പർ മുനിസിപ്പൽ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതും പരിഗണനയിലാണ്.
ഏകദേശം നാലുലക്ഷം തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന ആറു തൊഴിലാളി നഗരങ്ങളും 12 ലേബർ ഹൗസിംഗ് കോംപ്ലക്സുകളും നിർമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. എന്നാൽ ഇവ പൂർത്തിയാകാൻ രണ്ടു മുതൽ ആറു വർഷം വരെ എടുക്കുമെന്നാണ് കണക്കുകൂട്ടൽ.
പ്രദേശത്ത് ജനസാന്ദ്രതയും സുരക്ഷാ ആശങ്കകളും കുറക്കുന്നതിനായി ഹ്രസ്വകാല പരിഹാരങ്ങൾ മുനിസിപ്പാലിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബ വീടുകളിൽ വാടക നിയന്ത്രണം, വ്യാവസായിക മേഖലയിലേക്കും കാർഷിക ഭൂമിയിലേക്കും തൊഴിലാളി താമസം മാറ്റുന്നതിനുള്ള അനുമതികൾ, വലിയ പദ്ധതികൾക്കായുള്ള താമസ പെർമിറ്റുകൾ, പങ്കുടമസ്ഥാവകാശ പ്രശ്നങ്ങളുള്ളയാൾക്ക് സ്വത്തവകാശം ശരിയാക്കാനുള്ള അവധിക്കാലം, തൊഴിൽ മന്ത്രാലയ സഹകരണത്തോടെ തൊഴിലാളികളെ നിർദിഷ്ട പദ്ധതികളിലേക്ക് മാറ്റുന്നതിനുള്ള നീക്കം, സ്ഥലത്തെ അടിയന്തര അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.