കുവൈത്ത് എം.പിമാർ അറബ് പാർലമെന്റിൽ
കുവൈത്ത് സിറ്റി: തങ്ങളുടെ പ്രദേശങ്ങൾ സംരക്ഷിക്കാനും സമാധാനത്തോടെ ജീവിക്കാനുമുള്ള ഫലസ്തീനികളുടെ അവകാശത്തിനും പോരാട്ടത്തിനും പിന്തുണ ആവർത്തിച്ചു കുവൈത്ത് എം.പിമാർ. ‘ഫലസ്തീനെയും ഗസ്സയെയും പിന്തുണക്കുക’ എന്ന തലക്കെട്ടിൽ ചേരുന്ന അറബ് പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ ഭാഗമായി എം.പിമാരായ ഖാലിദ് അൽ മോനിസ്, അഹ്മദ് ലാരി, ഹംദാൻ അൽ അസ്മി, മുഹമ്മദ് അൽ ഹുവൈല എന്നിവർ നടത്തിയ പ്രത്യേക പ്രസംഗങ്ങളിലാണ് നിലപാടുകൾ ആവർത്തിച്ചത്.
ക്രൂരമായ ഇസ്രായേൽ അധിനിവേശ ആക്രമണം മൂലം 90 ദിവസമായി ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന മാനുഷിക ദുരന്തത്തെ പരാമർശിച്ച എം.പി അൽ മോനിസ് എല്ലാ തലങ്ങളിലും ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്ന കുവൈത്തിന്റെ അചഞ്ചലമായ നിലപാട് സ്ഥിരീകരിച്ചു. ഇസ്രായേൽ അധിനിവേശത്തെ തുറന്നുകാട്ടാൻ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഉണർത്തി.
ഗസ്സയിലെ ജനങ്ങളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നത് പൂർണമായി നിരസിച്ച അഹ്മദ് ലാരി കുടിയിറക്കുന്നതിനെതിരെയുള്ള ഈജിപ്തിന്റെയും ജോർഡന്റെയും ശ്രമങ്ങളെ പ്രകീർത്തിച്ചു.
ഇസ്രായേൽ നേതാക്കളെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുമ്പാകെ എത്തിക്കണമെന്നും സൂചിപ്പിച്ചു. ഗസ്സക്ക് മാനുഷിക ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയ ആദ്യ അറബ്, ഇസ്ലാമിക രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് അൽ അസ്മി പറഞ്ഞു. ഫലസ്തീൻ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുവൈത്ത് ദേശീയ അസംബ്ലി പ്രത്യേക സമ്മേളനം വിളിച്ചതും ഉണർത്തി.
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ കുവൈത്ത് ഫലസ്തീനെയും അതിന്റെ ലക്ഷ്യത്തെയും എല്ലാ അന്താരാഷ്ട്ര വേദികളിലും പിന്തുണക്കുന്നുണ്ടെന്ന് അൽ ഹുവൈല പ്രസംഗത്തിൽ പറഞ്ഞു. ഇസ്രായേലി അധിനിവേശ സേനയുടെ വംശഹത്യകളിലേക്കും യുദ്ധക്കുറ്റങ്ങളിലേക്കും അദ്ദേഹം വിരൽചൂണ്ടി.
അക്രമം അവസാനിപ്പിക്കാനുള്ള പ്രമേയത്തെ തടസ്സപ്പെടുത്തിയ യു.എസ്, യു.കെ എന്നിവയുടെ വീറ്റോയെ ഹുവൈല വിമർശിച്ചു. പ്രശ്നത്തിൽ ഗൗരവവും ആത്മാർഥവുമായ നടപടിയെടുക്കാൻ അറബ് പാർലമെന്റംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
കുവൈത്ത് ആഹ്വാനം ചെയ്തതുപ്രകാരം ‘ഫലസ്തീനെയും ഗസ്സയെയും പിന്തുണക്കുക’ എന്ന മുദ്രാവാക്യവുമായാണ് അറബ് പാർലമെന്റ് പ്രത്യേക സെഷൻ ചേർന്നത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും മാനുഷിക ഇടനാഴികൾ ഒരുക്കണമെന്നും സെഷന് ശേഷം അറബ് പാർലമെന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.